ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും

ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദുബായിൽ ഇന്ന് രാത്രി 7.30നാണ് പോരാട്ടം. ആദ്യകളിയിൽ പാകിസ്ഥാനോട് തകർന്ന വിരാട് കോഹ്ലിക്കും കൂട്ടർക്കും ഇത് പിഴവുകൾ തിരുത്താനുള്ള അവസരമാണ്. കിവികളും പാകിസ്ഥാനോട് തോറ്റാണ് എത്തുന്നത്.

ഗ്രൂപ്പ് രണ്ടിൽ മൂന്നു കളിയും ജയിച്ച പാക് പട സെമി ഏറെക്കുറെ ഉറപ്പിച്ചമട്ടാണ്. അടുത്ത ഊഴം ഇന്ത്യയുടേതും ന്യൂസിലൻഡിന്റേതുമാണ്. അതിനാൽ ഇന്ന് ജയിക്കുന്നവർക്ക് സെമിസാധ്യത നിലനിർത്താം.

പ്രവചനക്കാർ ഒന്നാമത് പറഞ്ഞ പേരായിരുന്നു ഇന്ത്യയുടേത്. ദുബായിൽ ഐപിഎൽ കളിച്ച പരിചയവുമായി അണിനിരന്ന സംഘത്തിന് പോരായ്മകൾ ഒന്നുമുണ്ടായിരുന്നില്ല ചൂണ്ടിക്കാട്ടാൻ. എന്നാൽ, പാകിസ്ഥാനെതിരായ ഒറ്റമത്സരത്തോടെ പ്രതീക്ഷ മങ്ങി.

ടീമിന്റെ എല്ലാ ദൗർബല്യങ്ങളും വെളിവായി. ആദ്യ പന്തുതൊട്ട് ഇന്ത്യ പതറി. സർവരും അടിയറവുപറഞ്ഞു. കോഹ്ലിമാത്രമായിരുന്നു അപവാദം. എങ്കിലും ബാറ്റിങ്ങിൽ ക്യാപ്റ്റന്റെ ആധികാരികത നഷ്ടമായി. ക്രീസിൽ പഴയ കോഹ്ലിയല്ല ഇപ്പോൾ. അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുന്നത് പതിവാക്കി.

ടീം തെരഞ്ഞെടുപ്പാണ് ഇന്ത്യക്കു മുന്നിലെ വെല്ലുവിളി. ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവരുടെ ഉൾപ്പെടുത്തലിൽ വലിയ വിമർശങ്ങളാണ് മുൻ കളിക്കാർ ഉൾപ്പെടെ നടത്തിയത്.

ഐപിഎല്ലിലും കഴിഞ്ഞ സീസണിലും മങ്ങിയ താരങ്ങളാണ് ഇരുവരും. ഹാർദിക്കാകട്ടെ പന്തെറിയുന്നുമില്ല. ഈ ഓൾ റൗണ്ടറെ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് പാകിസ്ഥാനെതിരെ കളിപ്പിച്ചത്. പരാജയമായി. മാത്രമല്ല, ആറാം ബൗളർ ഇല്ലാത്തതിന്റെ വില ഇന്ത്യ അറിയുകയും ചെയ്തു.എന്നാൽ ഹാർദിക്കിന് അനുകൂലമാണ് കോഹ്ലി. രണ്ടോവറോളം എറിയാൻ ഹാർദിക് പ്രാപ്തനാണെന്ന് ക്യാപ്റ്റൻ അറിയിച്ചു. ഭുവനേശ്വറിനുപകരം ബാറ്റിൽക്കൂടി ആശ്രയിക്കാവുന്ന ശർദുൾ താക്കൂർ എത്താൻ സാധ്യത വർധിച്ചു.

ടോസാണ് നിർണായകഘടകം. ദുബായിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കാണ് മുൻതൂക്കം. പാകിസ്ഥാനെതിരെ നാണയഭാഗ്യം നഷ്ടമായ ഇന്ത്യ തകർന്നടിയുകയായിരുന്നു. രോഹിത് ശർമ–ലോകേഷ് രാഹുൽ കൂട്ടുകെട്ട് മിന്നിയാൽ ഇന്ത്യക്ക് എളുപ്പമാകും കാര്യങ്ങൾ. സൂര്യകുമാർ യാദവും ഋഷഭ് പന്തും ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കേണ്ടതുണ്ട്. വരുൺ ചക്രവർത്തിതന്നെയാകും പ്രധാന സ്പിന്നർ.

ന്യൂസിലൻഡ് നിരയിൽ പരിക്കേറ്റ ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ സംശയത്തിലാണ്. കെയ്ൻ വില്യംസൺ, ഡിവൻ കൊൺവേ എന്നിവരാണ് ബാറ്റർമാരിൽ കരുത്തർ. പന്തിൽ ട്രെന്റ് ബോൾട്ടിലാണ് കിവികളുടെ പ്രതീക്ഷ. ഇടംകൈയൻ പേസർമാർക്കെതിരെ സ്ഥിരംപതറുന്ന ഇന്ത്യയെ ബോൾട്ടിലൂടെ കീഴടക്കാമെന്നാണ് ന്യൂസിലൻഡിന്റെ കണക്കുകൂട്ടൽ. ലോകകപ്പുകളിൽ ന്യൂസിലൻഡിനെതിരെ മികച്ച റെക്കോഡല്ല ഇന്ത്യക്ക്. അവസാനമായി കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ തോറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel