ജനതയുടെ പുരോഗതി വിലയിരുത്തുന്നത് വിദ്യാഭ്യാസത്തിലൂടെ: മന്ത്രി കെ രാധാകൃഷ്ണൻ

ഒരു ജനതയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ ചേലക്കര, ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ പുതിയ ക്യാമ്പസ് പ്രവർത്തനാരംഭവും മുൻ വർഷത്തെ വിദ്യാർത്ഥികളുടെ വിജയോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി എം ആർ എസിന്റെ പുതിയ ക്യാമ്പസ് പ്രവർത്തനം ആരംഭിക്കുമ്പോൾ പുറകിൽ രണ്ട് ദശാബ്ദക്കാലത്തെ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2011ൽ വാടക കെട്ടിടത്തിൽ ആരംഭിച്ച ജി എം ആർ സ്കൂൾ 2013 മുതൽ വടക്കാഞ്ചേരിയിലെ എം ആർ എസിന്റെ ഒഴിഞ്ഞുകിടന്ന ഹയർ സെക്കന്ററി വിഭാഗം ഹോസ്റ്റൽ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. വിദ്യാലയത്തിന് സ്വന്തമായ കെട്ടിടം എന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് പൂർത്തീകരിച്ച് ഈ വർഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തിരുവില്ല്വാമല, കണിയാർക്കോട് വില്ലേജിൽ 6 ഏക്കർ 82 സെന്‍റ് സ്ഥലത്ത് 10.50 കോടി രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയ പുതിയ കെട്ടിടമാണ് തുറന്ന് പ്രവർത്തിക്കുന്നത്. പുതിയ സ്കൂൾ കെട്ടിടത്തിനൊപ്പം ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലായി 85 വിദ്യാർത്ഥികളാണ് സ്കൂളിൽ പഠനം നടത്തുന്നത്.

2015-16 ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ തുടർച്ചയായി 100% വിജയം കൈവരിച്ച മോഡൽ റസിഡൻഷ്യൽ സ്കൂൾ നാടിനും പട്ടികജാതി വികസന വകുപ്പിനും അഭിമാനമാണ്. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും 2021ൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. എസ്എസ്എൽസി പരീക്ഷ എഴുതിയ 15 പേരിൽ ഏഴു പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും രണ്ടുപേർ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടിയും സ്കൂളിന്റെ വിജയത്തിളക്കത്തിന് നാന്ദി കുറിച്ചു.

വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള റസിഡൻഷ്യൽ പഠനം ലഭ്യമാക്കുന്നതിന് അധ്യാപർക്ക് പുറമേ മാനേജർ കം റെസിഡന്റ് ട്യൂട്ടർ, റെസിഡന്റ് ട്യൂട്ടർ എന്നിവരുടെ സേവനം, യൂണിഫോം, ഷൂ, ചെരിപ്പ് എന്നിവ സൗജന്യമായും വിദ്യാർത്ഥികൾക്ക് നൽകുന്നു. കരിയർ ഗൈഡൻസ് ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾക്ക്, കൗൺസിലിങ്, സ്പോർട്സ് ആൻഡ് ഗെയിംസ്, കലാപഠനം, മെഡിക്കൽ പരിശോധന തുടങ്ങി കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള എല്ലാ സൗകര്യവും സ്‌കൂളിലുണ്ട്.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ആശാദേവി, ഡിഡിഇ ടി വി മദനമോഹനൻ, ചേലക്കര ജി എം ആർ എസ് ഹെഡ്മാസ്റ്റർ ടി ജി സജി, സീനിയർ സൂപ്രണ്ട് പി ആർ സജിൽ കുമാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here