ടി20 ലോകകപ്പ്: നമീബിയയെ 62 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരത്തില്‍ നമീബിയയെ 62 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പില്‍ അഫ്ഗാന്റെ രണ്ടാം ജയമാണിത്. അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 98 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ വിരമിക്കല്‍ മത്സരം കളിക്കുന്ന മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന് ജയത്തോടെ മടങ്ങാനായി.

161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 30 പന്തില്‍ നിന്ന് രണ്ടു ഫോറടക്കം 26 റണ്‍സെടുത്ത ഡേവിഡ് വൈസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. ക്രെയ്ഗ് വില്യംസ് (1), മൈക്കല്‍ വാന്‍ ലിംഗെന്‍ (11), ലോഫി ഈട്ടണ്‍ (14), ജെര്‍ഹാര്‍ഡ് എറാമസ് (12), സെയ്ന്‍ ഗ്രീന്‍ (1) എന്നിവര്‍ക്കൊന്നും തന്നെ അഫ്ഗാന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ജെ.ജെ സ്മിത്ത് (0), ജാന്‍ ഫ്രൈലിക് (6), പിക്കി യാ ഫ്രാന്‍സ് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത നവീന്‍ ഉള്‍ ഹഖും ഹമീദ് ഹസനുമാണ് നമീബിയയെ തകര്‍ത്തത്. ഗുല്‍ബാദിന്‍ നയ്ബ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തിരുന്നു.ഹസ്റത്തുള്ള സസായ്, മുഹമ്മദ് ഷഹ്സാദ്, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി എന്നിവരുടെ ഇന്നിങ്സുകളാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്.

ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് വേണ്ടി ഓപ്പണര്‍മാരായ ഹസ്റത്തുള്ള സസായിയും മുഹമ്മദ് ഷഹ്സാദും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 40 പന്തില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 27 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത സസായിയെ ഏഴാം ഓവറില്‍ ജെ.ജെ സ്മിത്ത് പുറത്താക്കുകയായിരുന്നു.

പിന്നാലെയെത്തിയ റഹ്മാനുള്ള ഗുര്‍ബാസിന് നാലു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 13-ാം ഓവറില്‍ ഷഹ്സാദിനെ റൂബന്‍ ട്രംപെല്‍മാന്‍ പുറത്താക്കി. 33 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ നജിബുള്ള സദ്രാന്‍ ഏഴു റണ്‍സെടുത്ത് പുറത്തായി.

തന്റെ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന മുന്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്റെ ഊഴമായിരുന്നു അടുത്തത്. 23 പന്തില്‍ നിന്നും ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സാണ് അസ്ഗര്‍ തന്റെ അവസാന ഇന്നിങ്സില്‍ സ്വന്തമാക്കിയത്. തകര്‍ത്തടിച്ച് 17 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 32 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്‍ സ്‌കോര്‍ 150 കടത്തിയത്. നമീബിയക്കായി റൂബന്‍ ട്രംപെല്‍മാനും ലോഫി ഈട്ടണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News