ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഇന്ന് 90 വയസ്

ഗുരുവായൂര്‍ സത്യാഗ്രഹത്തിന് 90 വയസ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ മണിമുഴക്കം ആഘോഷമാക്കുകയാണ് കേരളം. ജാതി അസമത്വം കൊടികുത്തി വാണ കാലം. കെ. കേളപ്പന്‍ ക്യാപ്റ്റനായും എ.കെ.ജി വളന്റിയര്‍ ക്യാപ്റ്റനുമായി 1931 നവംബര്‍ 1ന് ഒരു സത്യാഗ്രഹം ആരംഭിച്ചു. ഗുരുവായൂരില്‍ ആരംഭിച്ച ആ സത്യാഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ മണിമുഴക്കമായി മാറി.

വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് വൈക്കം സത്യാഗ്രഹം നടന്നതെങ്കില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശിക്കുന്നതിനു വേണ്ടിയാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്. ക്ഷേത്രത്തിന് 150 മീറ്റര്‍ കിഴക്കോട്ട് മാറി പിന്നാക്ക വിഭാഗക്കാര്‍ നില്‍ക്കണമെന്നായിരുന്നു അന്നത്തെ ചട്ടം.

സത്യാഗ്രഹത്തെ അംഗീകരിക്കാന്‍ അന്നത്തെ സവര്‍ണ മേധാവികള്‍ക്ക് കഴിഞ്ഞില്ല. അവര്‍ ക്ഷേത്രത്തിന് കിഴക്കേ നടയില്‍ 50 മീറ്റര്‍ അകലെ മുള്ള് വേലിയും മരത്തടികളും ഇട്ട് സത്യാഗ്രഹികളെ തടഞ്ഞു. ദേവസ്വം അധികാരികളുടെ സഹായത്തോടെ അവരെ നിരന്തരം ഉപദ്രവിച്ചു.

ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുത്തതിന് ആറ് മാസത്തെ തടവ് ശിക്ഷയാണ് ഏ.കെ.ജി.അനുഭവിക്കേണ്ടി വന്നത്. ശ്രീകോവിലിന് മുന്നിലെ മണിമുഴക്കിയ കൃഷ്ണ പിള്ളയ്ക്ക് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. വെറി പിടിച്ച വേട്ടപ്പട്ടികളെ പോലെ നിന്ന സവര്‍ണ മേലാളന്മാരോട് കൃഷ്ണപിള്ള ഇങ്ങിനെ പറഞ്ഞു. ഉശിരുള്ള നായര്‍ മണിയടിക്കും എച്ചില്‍ പെറുക്കി നായര്‍ അവരുടെ പുറത്തടിക്കും.

പിന്നീട് കെ.കേളപ്പന്റ ഉപവാസ സമരവും ഗാന്ധിജിയുടെ സന്ദര്‍ശനവും കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം ഹിന്ദുക്കളിലെ എല്ലാ വിഭാഗത്തിനും തുറന്നുകൊടുക്കപ്പെട്ടത്. സത്യാഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് 90 വയസാകുന്നതോടെ നിരവധി പരിപാടികളാണ് ഗുരുവായൂരില്‍ സംഘടിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here