നക്ഷത്ര കണ്ണുള്ള ലോകസുന്ദരിക്ക് ഇന്ന് പിറന്നാള്‍

നക്ഷത്ര കണ്ണുള്ള ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന് ഇന്ന് പിറന്നാള്‍. ലോകസുന്ദരി പട്ടം നേടി ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ ആയിരുന്നു. ഓര്‍ പ്യാര്‍ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം.

1999ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമായി.

പിന്നീട് ഹിന്ദിയില്‍ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബര്‍ 1-ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. മംഗലാപുരത്തെ ബണ്ട് സമുദായത്തില്‍പ്പെട്ടവരാണ് ഇവര്‍.

ഐശ്വര്യയുടെ സഹോദരന്‍ ആദിത്യ റായ് നാവികസേനയില്‍ ജോലി ചെയ്യുന്നു. അദ്ദേഹം 2003-ല്‍ പുറത്തിറങ്ങിയ ദില്‍ കാ റിസ്താ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു. ഐശ്വര്യയുടെ ജനനശേഷം ഐശ്വര്യയുടെ മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി.

മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിര്‍ ഹൈ സ്‌കൂളിലാണ് ഐശ്വര്യ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചര്‍ച്ച്‌ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജില്‍ ചേര്‍ന്ന ഐശ്വര്യ, ഒരു വര്‍ഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെല്‍ കോളേജില്‍ ചേര്‍ന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആര്‍ക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം.

ആര്‍ക്കിട്ടെക്ചര്‍ പഠനത്തിനിടയില്‍ ഐശ്വര്യ മോഡലിങ്ങും ചെയ്തിരുന്നു. 1994-ല്‍ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത ഐശ്വര്യ, മിസ് വേള്‍ഡ് പുരസ്‌കാരം കരസ്ഥമാക്കി.

ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്‌കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വര്‍ഷത്തോളം ലണ്ടനിലായിരുന്നു. തുടര്‍ന്ന് മുഴുനേര മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും ഐശ്വര്യ തന്റെ തൊഴില്‍മേഖലയെ മാറ്റുകയാണുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News