ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളുയര്‍ന്നു

ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളും ആരവങ്ങളുമുയര്‍ന്നു. കൊവിഡിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൊതുവിദ്യാലയങ്ങള്‍ തുറന്നത്. വടക്കന്‍ കേരളത്തില്‍ 4600ല്‍ അധികം സ്‌കൂളുകളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനോത്സവം നടന്നു.

കൊവിഡ് മഹാമാരിയില്‍പെട്ട് 19 മാസമായി വീടുകളില്‍ ഒതുങ്ങിയ പഠനത്തിന് വിരാമം. രസം മുറിഞ്ഞ കൂട്ടുകെട്ടും നേരിട്ട് കിട്ടാതിരുന്ന അധ്യാപകരുടെ കരുതലും ഇനി അവര്‍ അവോളം ആസ്വദിക്കും. കുഞ്ഞന്‍ മാസ്‌കുമിട്ട്, കൈ കഴുകി , കൃത്യമായ സാമൂഹിക അകലം പാലിച്ചുള്ള ആദ്യ ദിനം. കൂട്ടുകാരുടെ കൈ ചേര്‍ത്ത് പിടിച്ച് ആവേശത്തോടെ ആദ്യം ഒരു കൂട്ടരെത്തി.

മാസ്‌ക്കുനുള്ളിലെ നിശ്കളങ്കമായ പുഞ്ചിരിയോടെ കവിത പാടി മറ്റൊരു കുഞ്ഞുകൂട്ടുകാരി. അക്ഷര മുറ്റങ്ങളില്‍ വീണ്ടും വസന്തമാകാന്‍ വര്‍ണക്കുടകളുമായി പൂമ്പാറ്റകുഞ്ഞുങ്ങള്‍ വിരുന്നെത്തിയ സന്തോഷത്തില്‍ അധ്യാപകരും. കൃത്യമായ കൊവിഡ് മാനണ്ഡങ്ങളോടെ 4600ല്‍ അധികം സ്‌കൂളുകളിലാണ് വടക്കന്‍ കേരളത്തില്‍ പ്രവേശനോത്സവം നടന്നത്. കണ്ണൂരില്‍ 1302 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു.

ജില്ലാ തല പ്രവേശനോത്സവം ചെറുതാഴം ജി എച്ച് എസ് എസില്‍ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാതല വരവേല്‍പ്പുത്സവം വളയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. കോര്‍പറേഷന്‍ തല ഉദ്ഘാടനം വെള്ളയില്‍ ഈസ്റ്റ് ഗവ.എല്‍ പി സ്‌കൂളില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

മലപ്പുറത്ത് 1555 സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു. 17 ഉപജില്ലകളിലും ഓരോ സ്‌കൂളുകളിലായാണ് ഉദ്ഘാടനം നടന്നത്. സ്‌കൂളുകള്‍ മനോഹരമായി അലങ്കരിച്ചും വാദ്യമേളങ്ങളുമെല്ലാമായാണ് പാലക്കാട് ജില്ലയില്‍ കുട്ടികളെ വരവേറ്റത്. ജില്ലയില്‍ 1002 സ്‌കൂളുകളിലായി ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തി.

വയനാട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തിരുനെല്ലി എടയൂര്‍കുന്ന് ജി.എല്‍.പി സ്‌കൂളില്‍ നടന്നു. കാസര്‍കോട് ജില്ലയില്‍ 733 സ്‌കൂളുകളിലാണ് ക്ലാസുകള്‍ പുനഃരാരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News