പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

പൊതുമരാമത്ത് വകുപ്പിൻറെ കീഴിലുള്ള റസ്റ്റ് ഹൗസുകളുടെ നവീകരണത്തിൻറെ ഭാഗമായി ഒരു കേന്ദ്രത്തിൽ നിന്നും പ്രവർത്തനം നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിൻറെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജു അദ്ധ്യക്ഷനായി. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ റസ്റ്റ് ഹൗസിൽ റൂം ബുക്ക് ചെയ്യുന്നതിന് സാധിക്കുന്ന വിധത്തിൽ പീപ്പിൾസ് റസ്റ്റ് ഹൗസുകളായാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചത്.

ഓൺലൈൻ ബുക്കിംഗ് ആയത് കൊണ്ട് മാത്രം റസ്റ്റ് ഹൗസുകളുടെ പ്രവർത്തനം പൂർണമാകില്ലെന്നും റസ്റ്റ്ഹൗസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിച്ചുവരികയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

എല്ലാ റസ്റ്റുഹൗസുകളും നവീകരിച്ച് മികച്ച സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകാനാണ് ശ്രമിക്കുന്നത്. ശുചിത്വമുള്ള അന്തരീക്ഷം, നല്ല ഭക്ഷണം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവെയെല്ലാം ഇതിൽ പ്രധാനമാണ്. എല്ലാ റസ്റ്റുഹൗസുകളുടെയും പ്രവർത്തനം ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നിന്നും നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടുവരാൻ റസ്റ്റ് ഹൗസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് പരിഗണിക്കുന്നുണ്ട്. റസ്റ്റ് ഹൗസുകളുടെ പ്രവർത്തനം പരിശോധിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

യഥാസമയം പരിശോധനാ റിപ്പോർട്ടുകൾ തയ്യാറാക്കും. റസ്റ്റ് ഹൗസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തും. ദൂരയാത്രക്കാർക്ക് ടോയ് ലറ്റ് സംവിധാനം ഉപയോഗിക്കുന്നതിനായി കംഫർട്ട് സ്റ്റേഷനുകൾ റസ്റ്റ് ഹൗസുകളിൽ സ്ഥാപിക്കുന്ന കാര്യവും ആലോചനയിലാണ്.

പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന ആശയം കേരളത്തിലെ ജനങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളുമെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. പൊതുമരാമത്ത് വകുപ്പ് ജനങ്ങൾക്ക് ഈ കേരളപ്പിറവി ദിനത്തിൽ നൽകുന്ന സമ്മാനമാണ് പീപ്പിൾസ് റസ്റ്റ് ഹൗസുകൾ. കേരളത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് എല്ലാ റസ്റ്റ് ഹൗസുകളും സ്ഥിതി ചെയ്യുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ കൂടുതൽ മാറ്റങ്ങൾക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ ഭാവിയിൽ വിധേയമാകുമെന്നും മന്ത്രി പറഞ്ഞു.

https://resthouse.pwd.kerala.gov.in/

ലിങ്കിൽ ക്ലിക്ക് ചെയ്താൽ റസ്റ്റ് ഹൗസിൽ മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിംഗ് ഐഎഎസ്, കൗൺസിലർ മാധവദാസ്, കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ എൽ ബീന, ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ കെ ആർ മധുമതി തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News