പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ ഉത്തരവ്. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കുറവിലങ്ങാട് പൊലീസിനാണ് നിർദേശം നൽകിയത്.
കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്. മതസ്പർദ്ധ വളർത്തുന്നത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും പൊലീസ് കേസെടുക്കുക.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർകോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്.
ബിഷപ്പിന്റെ വാക്കുകൾ… ‘ മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് ‘.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ബിഷപ്പിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.