ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

കോണ്‍ഗ്രസ്‌കാരുടെ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിതിനെ തുടര്‍ന്ന ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.

ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പൊലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്.

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പി.ഡി.പി.പി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജോജുവിന്റെ പരാതിയില്‍ മരട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി ഇവര്‍ രംഗത്തെത്തുകയും ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News