ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങൾക്ക് വഴിവെച്ചു തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. അന്തിമ തീരുമാനം പാർട്ടിയുടേതെന്നാണ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ആർഎൽഡിയെ ഒപ്പം നിർത്താനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെയാണ് അഖിലേഷിന്റെ പ്രഖ്യാപനം.

അതിനിടെ ശിവ്പാൽ സിങ് യാദവിന്റെ പ്രഗതിശീൽ സമാജ്‌വാദി പാർടിയുമായി സഖ്യമുണ്ടാക്കുന്നതും തള്ളിക്കളയാൻ അഖിലേഷ് തയ്യാറായിട്ടില്ല. അതേസമയം അഖിലേഷ് യാദവിന്‍റെ ജിന്നാ പരാമർശത്തില്‍ വലിയ വിവാദങ്ങൾ ഉയർത്തി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമ്പോൾ തന്നെയാണ് മത്സരിക്കേണ്ടതില്ലെന്ന സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷിന്‍റെ തീരുമാനം. പൂർണമായും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം അഖിലേഷ് എടുത്തത്. അതേസമയം അന്തിമ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർക്കുന്നുണ്ട്.

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് വിജയം നേടാനായാല്‍ ഉപരിസഭയുള്ള ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായോ ഉപതെര‍ഞ്ഞെടുപ്പിലൂടെയോ നിയമസഭാ അംഗമായോ അഖിലേഷിന് മുഖ്യമന്ത്രിയാനാകും. ആര്‍എല്‍ഡിയുമായി സഖ്യ ചർച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. സീറ്റ് ചർച്ചകള്‍ നടക്കുകയാണെന്നും അഖിലേഷ് പറ‍ഞ്ഞു. ആര്‍എല്‍ഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.

പതിനഞ്ച് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന എസ്പിയുടെ നിലപാടില്‍ ആര്‍എല്‍ഡിക്ക് അതൃപ്തി ഉണ്ടെന്ന റിപ്പോർട്ടുകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച.ഇതിന് പുറമേ ബന്ധുവായ ശിവ്​പാൽ സിങ്​ യാദവിന്‍റെ പ്രഗതിശീൽ സമാജ്​വാദി പാർട്ടി ലോഹിയയുമായി സഖ്യം രൂപീകരിക്കുന്നതും അഖിലേഷ് തള്ളിക്കളഞ്ഞിട്ടില്ല.

അതിനിടെ അഖിലേഷിന്‍റെ ജിന്നാ പരാമ‌ർശത്തില്‍ വിമർശനം ശക്തമാക്കുകയാണ് യോഗി ആദിത്യനാഥും ബിജെപിയും. മഹാത്മഗാന്ധിയും പട്ടേലും ജിന്നയും സ്വാതന്ത്രത്തിനായി പോരാടിവരാണെന്ന പരാമ‍ർശം അപമാനകരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമ‌ർശിച്ചു. ജിന്നയെ പട്ടേലുമായി താരതമ്യം ചെയ്തതത് അംഗീകരിക്കാനാകില്ല. താലിബാൻ മാനസികവാസ്ഥയാണ് ഇത് – അഖിലേഷിനെ വിമർശിച്ചു കൊണ്ട് യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News