”അണികളെ നിയന്ത്രിക്കേണ്ട നേതാക്കൾ തന്നെയാണ് ജോജുവിനോട് കൂടുതൽ മോശമായി സംസാരിച്ചത്” രൂക്ഷ വിമർശനവുമായി ബി ഉണ്ണികൃഷ്ണൻ

അണികളെ നിയന്ത്രിക്കേണ്ട നേതാക്കൾ തന്നെയാണ് ജോജുവിനോട് കൂടുതൽ മോശമായി സംസാരിച്ചതെന്ന് ബി ഉണ്ണികൃഷ്ണൻ. കൈരളി ന്യൂസിന്റെ ന്യൂസ് ആൻഡ് വ്യൂസ് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് കോൺഗ്രസ് നേതൃത്വത്തെയും നേതാക്കളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.

ബ്ലോക്കിൽ കുടുങ്ങി പോയ ഒരു കാൻസർ രോഗി വാഹനത്തിനുള്ളിലിരുന്ന് കരയുന്നത് കണ്ടിട്ടാണ് ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. എന്നാൽ കോൺഗ്രസ് നേതൃത്വം വളരെ മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കി.

ജോജുവിനെ താൻ നേരിൽ കണ്ടിരുന്നുവെന്നും വളരെ വിഷമത്തോടു കൂടി അദ്ദേഹം സംസാരിച്ചുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം അണികൾ ആവേശത്തിൽ വൈകാരികമായി സംസാരിക്കുന്നത് മനസ്സിലാക്കാമെന്നും എന്നാൽ പക്വത കാണിക്കേണ്ട മുതിർന്ന നേതാക്കൾ അതിലും മോശമായിട്ടാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ അറിയപ്പെടുന്ന ഒരു പ്രമുഖ നേതാവ് ജോജുവിന്റെ വണ്ടിയുടെ ബോണറ്റിൽ അടിക്കുകയും കയർത്തു സംസാരിക്കുകയും ചെയ്തു. നേതാക്കൾ ഇങ്ങനെ ചെയ്യുമ്പോൾ അണികളുടെ ആവേശം നമുക്ക് ഊഹിക്കാവുന്നതാണെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

അണികളുടെ വൈകാരിക പ്രകടനത്തെ നിയന്ത്രിക്കേണ്ട നേതാക്കൾ തന്നെ അദ്ദേഹത്തിനെതിരെ അസഭ്യവർഷം നടത്തുകയും അപമാനിക്കുകയും അച്ഛനെയും അമ്മയെയും ഉൾപ്പെടെ അധിക്ഷേപിക്കുകയും ചെയ്തത് അദ്ദേഹത്തിന് വളരെ മാനസിക പ്രയാസം ഉണ്ടാക്കിയതായി ഉണ്ണികൃഷ്‌ണൻ പറഞ്ഞു .

അതേസമയം രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ ‘ഗുണ്ട’ എന്നും മദ്യപനെന്നും കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ജോജു ഏറെ വൈകാരികമായി പ്രതികരിക്കുമ്പോൾ തിരിച്ച് കയർത്തു സംസാരിക്കാതെ അണികളെയും ജോജുനെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാൻ നേതൃത്വം അതിന് തയ്യാറായില്ല. മാത്രമല്ല പകരം അദ്ദേഹം തികഞ്ഞ മദ്യപാനിയാണെന്ന് ആരോപിച്ച് ന്യായീകരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇത് വളരെ പ്രതിഷേധാർഹമായ സംഭവമാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel