2ജി സ്പെക്ട്രം റിപ്പോർട്ട്; വിനോദ് റായി മാപ്പ് പറയണമെന്ന് സച്ചിൻ പൈലറ്റ്

2ജി സ്പെക്ട്രം റിപ്പോർട്ടിൽ വിനോദ് റായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് രംഗത്ത്. രണ്ടാം യുപിഎ സർക്കാരിനെ അപകീർത്തിപ്പെടുത്തിയതിന് രാജ്യത്തോട് വിനോദ് റായ് മാപ്പ് പറയണം എന്നാണ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടത്.  2ജി സ്പെക്ട്രം കേസിൽ സഞ്ജയ് നിരുപം നൽകിയ മാന നഷ്ട കേസിൽ മുൻ സിഎജി വിനോദ് റായ് തെറ്റായ വിവരം നൽകിയതിൽ കോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു.

രണ്ടാം യുപിഎ സർക്കാരിന്‍റെ ഭരണത്തിന് അന്ത്യം കുറിച്ച അഴിമതി ആരോപണം ആയിരുന്നു 2ജി സ്പെക്ട്രം. അന്നത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയിരുന്ന വിനോദ് റായ് മാധ്യമങ്ങളിൽ ഉൾപ്പടെ കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മൻമോഹൻ സിംഗിന്‍റെ പേര് അഴിമതി കഥകളിൽ ചേർത്തപ്പോൾ സഞ്ജയ് നിരുപമിന്‍റെ പേരും പരാമർശിച്ചിരുന്നു.

നിരുപം നൽകിയ മാനനഷ്ടകേസിൽ തെറ്റായ വിവരം റിപ്പോർട്ടിൽ നൽകിയതിന് വിനോദ് റായ് കോടതി മുൻപാകെ മാപ്പ് പറഞ്ഞതോടെയാണ് മുൻ സിഎജിക്ക് എതിരെയും ബിജെപിക്ക് എതിരെയും രൂക്ഷ വിമർശവുമായി കോൺഗ്രസ് രംഗത്ത് എത്തിയത്. തെറ്റായ വിവരം നൽകിയതിന് വിനോദ് റായ് മാപ്പ് പറയണം എന്ന ആവശ്യവുമായി ഒടുവിൽ രംഗത്ത് എത്തിയ നേതാവാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ സച്ചിൻ പൈലറ്റ്.

രണ്ടാം യുപിഎ സർക്കാരിനെ വ്യാജ റിപ്പോർട്ട് നൽകി തകർത്ത വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണം എന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. വിനോദ് റായ് സമർപ്പിച്ച റിപ്പോർട്ടിലും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

വിനോദ് റായ് സമർപ്പിച്ച റിപ്പോർട്ട് പ്രചരണത്തിൽ മുഖ്യ ആയുധമാക്കി ദേശീയ തലത്തിൽ ബിജെപി അധികാരത്തിൽ എത്തിയെന്ന് മാത്രമല്ല ദില്ലിയിൽ ഉൾപ്പടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്ന സ്ഥിതി കൂടി ഉണ്ടായി. ബിജെപിയുടെ താൽപര്യം സംരക്ഷിക്കാൻ വ്യാജ റിപ്പോർട്ട് തയ്യാറാക്കിയ വിനോദ് റായ്ക്കേതിരെ അന്വേഷണം നടത്തി ശിക്ഷ നൽകണം എന്ന കോൺഗ്രസിന്‍റെ ആവശ്യം ശക്തമാകുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here