‘സമാശ്വാസം’ പദ്ധതി; ഹീമോഫീലിയ ബാധിതരായ എപിഎല്‍ വിഭാഗക്കാര്‍ക്കും ധനസഹായം അനുവദിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ

‘സമാശ്വാസം’ പദ്ധതിയിൽ ബിപിഎല്‍ വിഭാഗക്കാര്‍ക്കുള്ള മുന്‍ഗണന കഴിഞ്ഞ്, ഹീമോഫീലിയ ബാധിതരായ എപിഎല്‍ വിഭാഗക്കാര്‍ക്കും ധനസഹായം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. എല്‍ദോസ് പി. കുന്നപ്പിള്ളിലിന്റെ സബ്‌മിഷന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിനുവേണ്ടി മറുപടി പറയുകയായിരുന്നു മന്ത്രി രാധാകൃഷ്‌ണൻ.

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന സമാശ്വാസം പദ്ധതിയിൽ, ഹീമോഫീലിയ രോഗബാധിതര്‍ക്കു പുറമെ, വൃക്കരോഗബാധിതരായി മാസത്തിലൊരിക്കലെങ്കിലും ഡയാലിസിസിന് വിധേയരാകേണ്ടി വരുന്നവര്‍, വൃക്ക-കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഗോത്രവിഭാഗത്തില്‍പ്പെട്ടവരല്ലാത്ത സിക്കിള്‍സെല്‍ അനീമിയ രോഗബാധിതര്‍ എന്നിവര്‍ക്കും ധനസഹായം നല്‍കിവരുന്നുണ്ട്. സിക്കിള്‍സെല്‍ അനീമിയ രോഗബാധിതരായ ഗോത്രവിഭാഗക്കാർക്ക് പട്ടികവർഗ്ഗ വകുപ്പ് വഴിയുള്ള ധനസഹായവും നൽകുന്നു.

അപേക്ഷകരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പദ്ധതിയിൽ മുന്‍ഗണന തീരുമാനിച്ചത്. മാനദണ്ഡപ്രകാരമുള്ള രേഖകള്‍ ഹാജരാക്കിയ അപേക്ഷകർക്ക് 2021 ജൂലൈ വരെയുള്ള ധനസഹായം അനുവദിച്ചു. പദ്ധതിയിലെ നാല് വിഭാഗത്തിലും പെടുന്ന ഗുണഭോക്താക്കളിലെ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ധനസഹായം അനുവദിച്ചശേഷം ഹീമോഫീലിയ ബാധിതരായ എപിഎല്‍ വിഭാഗക്കാര്‍ക്ക് ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കും – മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News