രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം ടൊമാറ്റോ ചിക്കന്‍

ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം ടൊമാറ്റോ ചിക്കന്‍ കഴിച്ചാലോ? ചിക്കന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിക്കന്‍ കറിയും ചിക്കന്‍ ഫ്രൈയും എല്ലാം നമുക്ക് ഇഷ്ടമുള്ള വിഭവങ്ങളാണ്.

അതിനാല്‍ തന്നെ ഇന്ന് രാത്രിയില്‍ കുറച്ച് വെറൈറ്റി ആയിട്ട് ടൊമാറ്റോ ചിക്കന്‍ തന്നെ ട്രൈ ചെയ്യാം. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

 ആവശ്യമായ സാധനങ്ങൾ

* കോഴി – 1 1/2 കിലോഗ്രാം

* ഇഞ്ചി ചതച്ചത് -1 വലിയ കഷ്ണം

* വെളുത്തുള്ളി ചതച്ചത് – 1

* പച്ചമുളക് നടുവേ പിളർന്നത് – 4

* പിരിയൻ മുളകുപൊടി (കശ്മീരി മുളക് പൊടി)- 2 ടേബിൾ സ്പൂൺ

* തക്കാളി ചെറുതായി മുറിച്ചത് – 6 എണ്ണം

* കറി വേപ്പില – 4 തണ്ട്

* വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ

* ഉപ്പ്‌ -പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചിക്കൻ വൃത്തിയാക്കി കഷ്ണങ്ങളാക്കി കഴുകി വെള്ളം വാർത്തു വെക്കുക.ഒരു ബൗളിൽ 1 ടേബിൾ സ്പൂൺ, ഉപ്പ്‌, കറി വേപ്പില എന്നിവ ചേർത്ത് കഴുകി വാർത്ത് വെച്ച ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നല്ലപോലെ കൈകൊണ്ടു കുഴച്ചു വെക്കുക.ഇത് ഒരു കുക്കറിലേക്ക് ചിക്കനിൽ ഉള്ള വെള്ളത്തോടൊപ്പം ഇട്ടു ഒരു വിസിൽ വരുന്ന വരെ വേവിക്കുക. ശേഷം ചൂട് പോകാനായി വെക്കുക.

ചുവടുകട്ടിയുള്ള ഒരു പാനിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.പച്ചമണം പോയി കഴിഞ്ഞാൽ തക്കാളി അരിഞ്ഞു വെച്ചത് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക.ശേഷം, ഒരു ടേബിൾ സ്പൂൺ മുളക് പൊടി കൂടി ചേർത്ത് വഴറ്റുക.(മുളക് പൊടിയുടെ പച്ചമണം പോകുന്നത് വരെ വഴറ്റുക.)

ഇതിലേക്ക് വേവിച്ചു വെച്ച ചിക്കൻ കഷ്ണങ്ങൾ അതിന്റെ ചാറോടെ വഴറ്റിയതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പാകത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കാം, ചിക്കനും തക്കാളി മസാലയും നല്ലപോലെ പിടിക്കുന്നത്‌ വരെ ഇളക്കി കൊടുക്കുക മീഡിയം തീയിൽ.കറി വേപ്പിലയും ചേർത്ത് കൊടുക്കാം .ചിക്കനിൽ തക്കാളി മസാല പിടിച്ചു കഴിഞ്ഞു പാകത്തിന് കറി കുറുകി കഴിഞ്ഞാൽ തീ അണച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here