ലീഗില്‍ പൊട്ടിത്തെറി; ലീഗ് തട്ടിപ്പുകാരുടെ സംഘം, നേതൃത്വത്തിനെതിരെ വയനാട് ജില്ലാ നേതാവിന്റെ കത്ത്

വയനാട്‌ മുസ്ലിം ലീഗിൽ വൻ പൊട്ടിത്തെറി. ലീഗ്‌ തട്ടിപ്പുകാരുടെ സംഘമായതായി ജില്ലാ കമ്മറ്റിയംഗത്തിന്റെ കത്ത്‌. ഹൈദരലി ശിഹാബ്‌ തങ്ങൾക്ക്‌ സി മമ്മി എന്ന ജില്ലാ നേതാവാണ്‌ കത്തയച്ചത്‌. പ്രളയദുരിതാശ്വാസം, കത്വാഫണ്ട്‌, ജ്വല്ലറി തട്ടിപ്പ്‌, കെ എം ഷാജിയുടെ അഴിമതി എന്നിവയിലെല്ലാം നേതൃത്വത്തിന്റെ നിലപാട്‌ ചോദ്യം ചെയ്താണ്‌ കത്ത്‌. കത്തിന്റെ പകർപ്പ്‌ കൈരളിന്യൂസിന്‌ ലഭിച്ചു.

ജില്ലയിലെ പ്രമുഖ ലീഗ്‌ നേതാവും എസ്ടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റും ജില്ലാ പ്രവർത്തക സമിതി അംഗവുമായ സി മമ്മിയുടെ കത്തിലൂടെ ലീഗിലെ വൻ ഭിന്നത പരസ്യമാവുകയാണ്‌.നേതൃത്വത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന കത്തിൽ തട്ടിപ്പുകാരുടെ സംഘടനയായാണ്‌ ലീഗിനെക്കുറിച്ച്‌ പൊതുസമൂഹത്തിലുള്ള ധാരണയെന്ന് വിമർശ്ശിക്കുന്നു.

കത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്‌. പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലൂടെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയ സി പി ഐ എമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പറഞ്ഞ ലീഗ്‌ കെ റെയിൽ വിഷയത്തിൽ സംഘപരിവാറിനൊപ്പം സമരമുന്നണിയുണ്ടാക്കുന്നതിൽ ധാർമ്മികയെന്ത്‌.
ജമാ അത്തെ ഇസ്ലാമി എസ്‌ ഡി പി ഐ കൂട്ടുകെട്ട്‌ മതേതരസമൂഹത്തിൽ ഒറ്റപ്പെടുത്തി.

കത്വഫണ്ട്‌ തിരിമറിയിൽ കുറ്റക്കാരെ സംരക്ഷിച്ചു. ചന്ദ്രിക അഴിമതിയിൽ പത്രസമ്മേളനം നടത്തിയ മു ഈൻ തങ്ങളെ കയ്യേറ്റം ചെയ്തതിൽ കുറ്റക്കാരനെതിരെയോ അതിന്‌ പ്രേരിപ്പിച്ചവർക്കെതിരെയോ നടപടിയുണ്ടായില്ല. ഹരിത വിഷയത്തിൽ അപമാനിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പമായിരുന്നില്ല ലീഗ്‌ നേതൃത്വം.

ജ്വല്ലറിതട്ടിപ്പിലും കെ എം ഷാജി അഴിമതിയിലും കുറ്റക്കാർക്കൊപ്പമല്ലേ നേതൃത്വം നിന്നത്‌. പ്രളയ ദുരിതാശ്വാസഫണ്ടിൽ വയനാട്ടിൽ വൻ തട്ടിപ്പ്‌ നടത്തിയതായുള്ള ഗുരുതര ആരോപണവും കത്തിലുണ്ട്‌.
കെ എം സി സി മുഖേന പ്രളയബാധിതമേഖലകളിലേക്ക്‌ എത്തിച്ച പണം ജില്ലാ നേതാക്കൾ തട്ടിയെടുത്തു. ഇതെല്ലാം സമുദായത്തിനിടയിലുള്ള ലീഗിന്റെ വിശ്വാസ്യത തകർത്തുവെന്നും കത്തിലുണ്ട്‌.

ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാൻ നടപടിയാവശ്യപ്പെട്ടാണ്‌ കത്ത്‌ അവസാനിക്കുന്നത്‌.പതിനഞ്ച്‌ വർഷമായി ലീഗിനായി മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന താനടക്കമുള്ള പ്രവർത്തകരെല്ലാം നേതൃത്വത്തിന്റെ നിലപാടുകളിൽ നിരാശരാണെന്ന് പറയുന്ന കത്ത്‌ സാധാരാണ ലീഗ്‌ പ്രവർത്തകരുടെ ചോദ്യങ്ങളെ തന്നെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌.വിഭാഗീയത കാരണം പഞ്ചായത്ത്‌ കമ്മറ്റികൾ വരെ പിരിച്ചുവിടേണ്ട സാഹചര്യം നിൽനിൽക്കുന്ന ജില്ലാ ലീഗിൽ കത്ത്‌ വൻ വിവാദങ്ങൾക്കാണ്‌ തിരികൊളുത്തുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here