നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക് അയച്ച കത്ത്‌ സ്ഥിരീകരിച്ച്‌ ലീഗ്‌ വയനാട് ജില്ലാ നേതാവ് 

നേതൃത്വത്തിനെതിരെ ഹൈദരലി ശിഹാബ്‌ തങ്ങൾക്ക് അയച്ച കത്ത്‌ സ്ഥിരീകരിച്ച്‌ മുസ്ലിം ലീഗ്‌ ജില്ലാ പ്രവർത്തകസമിതി അംഗം സി മമ്മി. പ്രളയഫണ്ടിൽ ലീഗ്‌ നേതൃത്വം അഴിമതി നടത്തിയെന്നും വയനാട്ടിൽ ലീഗിൽ കടുത്ത വിഭാഗീയത നിലനിൽക്കുകയാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട്‌ പറഞ്ഞു.

തട്ടിപ്പുകാരെ സംരക്ഷിക്കുന്ന ലീഗ്‌ നേതൃത്വത്തിന്റെ നിലപാട്‌ ചോദ്യം ചെയ്താണ്‌ സംസ്ഥാന പ്രസിഡന്റിന്‌ കത്തയച്ചതെന്ന് സി മമ്മി പറഞ്ഞു. വയനാട്ടിൽ പഞ്ചായത്ത്‌ കമ്മറ്റികൾ പിരിച്ചുവിടേണ്ട അവസ്ഥയിലേക്ക്‌ വിഭാഗീയത എത്തിനിൽക്കുകയാണ്‌ എന്നാൽ നേതൃത്വം ഇടപെടുന്നില്ല. കത്വാ, ജ്വല്ലറിതട്ടിപ്പ്‌, കളമശേരിയിൽ മന്ത്രിപുത്രന്റെ സ്ഥാനാർത്ഥിത്വം, കെ എം ഷാജി വിഷയം തുടങ്ങി നേതൃത്വം ഉചിതമായ തീരുമാനമെടുക്കേണ്ട പലവിഷയങ്ങളിലും പ്രവർത്തകർ നിരാശരായി.

സാധാരണ പ്രവർത്തകന്റെ വികാരമാണ്‌ കത്തിലൂടെ പറഞ്ഞത്‌. വയനാട്‌ പ്രളയക്കെടുതി അനുഭവിച്ചപ്പോൾ കെ എം സി സി മുഖേന എത്തിച്ച പണത്തിൽ നേതാക്കളുൾപ്പെടെ തട്ടിപ്പ്‌ നടത്തി. ഇതെല്ലാം ചോദ്യം ചെയ്യുന്നവർ ഒറ്റപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ നേതാവിന്‍റെ തുറന്ന് പറച്ചിൽ വൻ വിവാദങ്ങൾക്കാണ്‌ ജില്ലയിൽ തുടക്കമിടുന്നത്‌. പ്രളയഫണ്ട്‌ സംബന്ധിച്ച കണക്കുകൾ കമ്മറ്റികളിൽ അവതരിപ്പിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ്‌ ജില്ലാ നേതാവ്‌ തന്നെ ഉയർത്തുന്നത്‌.

കുഞ്ഞാലിക്കുട്ടി നിയമസഭയിൽ മത്സരിക്കാനെത്തിയതും ജമാ അത്തെ ഇസ്ലാമി എസ്‌ ഡി പി ഐ കൂട്ടുകെട്ടുമൊക്കെ പ്രധാനമ്പ്പെട്ട നേതാവ്‌ തന്നെ വിമർശ്ശിക്കുന്നത്‌ സംസ്ഥാന നേതൃത്വത്തിനും തലവേദനയാവും.ലീഗിൽ പുകയുന്ന കടുത്തഭിന്നത കൂടുതൽ പരസ്യമായതോടെ പ്രതിരോധത്തിലാവുകയാണ്‌ നേതൃത്വം.ഗുരുതര അഴിമതിയാരോപണം നേതാവ്‌ തന്നെ ഉന്നയിച്ചെങ്കിലും ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News