കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകം; കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

പാലക്കാട് കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകം കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കണ്ണുകുറിശ്ശിയിലും പരിസര പ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. 2016 ല്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു വര്‍ഷമാവുമ്പോഴാണ് അയല്‍വാസിയായ രാജേന്ദ്രനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

കണ്ണു കുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ വിശദമായ അന്വേഷണത്തിനായി 7 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതി രാജേന്ദ്രനുമായി കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രതി വിശദീകരിച്ചു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത വീട്ടിലെ കിണറും അന്വേഷണ സംഘം പരിശോധിച്ചു.

പ്രതി താമസിച്ചിരുന്ന വാടക വീട്ടിലെത്തിയും തെളിവെടുത്തു. പ്രതി ജോലി ചെയ്തിരുന്ന ചെന്നൈയിലെത്തിയും തെളിവെടുപ്പ് നടത്തും. കൂട്ടു പ്രതികളുണ്ടോയെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി മണികണ്ഠന്‍ പറഞ്ഞു

തെളിവെടുപ്പിനെത്തിച്ച സ്ഥലങ്ങളില്‍ ജനങ്ങള്‍ തടിച്ചു കൂടി. 2016 നവംബര്‍ 14 ന് കണ്ണു കുറിശ്ശി ചീരപ്പത്ത് വീട്ടില്‍ ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയെയും വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ പ്രതി രാജേന്ദ്രനെ പിടികൂടിയത്.

മോഷണത്തിനിടെ പ്രതി കൊലപാതകം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആറരപ്പവന്‍ സ്വര്‍ണ്ണവും 4000 രൂപയും വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആയുധങ്ങളുള്‍പ്പെടെ കണ്ടെത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ പ്രതിഷേധമാരംഭിച്ചതോടെ കേസ് ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News