ഇന്ധനവില വര്‍ധന; ബിജെപിയില്‍ നിന്ന് പതിനായിരത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടു പോയെന്ന് പി പി മുകുന്ദന്‍

ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വര്‍ധന എന്നിവയെല്ലാം പ്രവര്‍ത്തകരെ ബിജെപിയില്‍നിന്ന് അകറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ തമ്മില്‍ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവര്‍ത്തകര്‍ നിരാശരും നിസ്സംഗരുമായി മാറി. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് വന്നതുമുതല്‍ പ്രശ്നങ്ങള്‍ രൂക്ഷമായി. എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പി പി മുകുന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നും മുകുന്ദന്‍ തുറന്നടിച്ചു. കേരളത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു. ബിജെപി സംഘടനകള്‍ ഓരോ ദിവസവും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി അനുഭാവികളില്‍ ഇനി ചെറിയ പ്രതീക്ഷ മാത്രമാണുള്ളതെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തില്‍ പി പി മുകുന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്. കേരളത്തില്‍ ബിജെപി 15 വര്‍ഷം പിറകോട്ട് പോയി. സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനാണ് കത്തയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം നേതൃത്വത്തിന്റെ മോശം സമീപനംകൊണ്ട് ഉണ്ടായതാണ്. ഈ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടച്ചതു കൊണ്ട് കാര്യമില്ലായെന്നും കത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News