കടലൂരിലെ പോരാട്ടവും, ജയ്‌ ഭീമിന്റെ രാഷ്‌ട്രീയവും

തമിഴ്‌സിനിമ ജയ്‌ഭീം ഉയർത്തുന്ന രാഷ്‌ട്രീയം ചർച്ച ചെയ്യപ്പെടണം. തമിഴ്‌നാട്ടിലെ ദളിതർ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളും അയിത്തവും അനാചാരവും സിനിമ ചൂണ്ടികാട്ടുന്നു. ഒരു യഥാർത്ഥ സംഭവം സിനിമയാക്കുമ്പോൾ ഉണ്ടാകുന്ന വ്യതിചലനം ഈ സിനിമയിലില്ല. ആദിവാസികളുടെ അവകാശത്തിനും ജീവിത സമരത്തിനും പിന്തുണയും ബലവും ശക്തിയും പകരുന്നത്‌ സിപിഐ എം ആണെന്ന്‌ സിനിമ അടിവരയിടുന്നു. അതുതന്നെയാണ്‌ സത്യവും. സിപിഐ എമ്മിന്റെ മനുഷ്യവകാശത്തിനായുള്ള പോരാട്ടചരിത്രത്തിലെ സ്വർണ ലിപികളാൽ എഴുതിയ അധ്യായം.

കടലൂർ ജില്ലയെ വിറപ്പിച്ച രാജാകണ്ണ്‌ കൊലപാതക കേസാണ്‌ ജയ്‌ ഭീം സിനിമയായി പ്രേക്ഷകർക്കു മുന്നിലെത്തിയിട്ടുള്ളത്‌. ലോക്കപ്പ്‌ മർദനത്തിൽ പൊലീസ്‌ സ്‌റ്റേഷനിൽ വച്ച്‌ കൊന്നശേഷം കിലോമീറ്റുകൾക്ക്‌ അകലെ റോഡരികിൽ വലിച്ചെറിയപ്പെട്ട സാധാരണ മനുഷ്യനായിരുന്നു രാജക്കണ്ണ്‌. വിരുദാചലം, കമ്പാപുരത്തിനടുത്ത മുദനൈ എന്ന ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. 1993നു മുമ്പ്‌ ഗ്രാമത്തിൽ കുറമ്പർ വിഭാഗത്തിൽ പെട്ട നാലു ആദിവാസി കുടുംബങ്ങളുണ്ടായിരുന്നു. കുട്ട, മുറം, പായ എന്നിവ നെയ്‌ത്‌ ഗ്രാമങ്ങൾ തോറും വിൽക്കലായിരുന്നു ഇവരുടെ തൊഴിൽ. കൊയ്‌ത്തുകാലത്ത്‌ താറാവുകൂട്ടങ്ങൾ പാടങ്ങളിലെ ചളിയിലിറങ്ങി തീറ്റി തേടുന്നതുപോലെ ഈ മനുഷ്യരും തങ്ങൾ നെയ്‌തെടുക്കുന്ന ഉൽപ്പന്നങ്ങൾ ഗ്രാമങ്ങൾ തോറും പോയി വിൽക്കുകയായിരുന്നു പതിവ്‌. 1993ൽ അവർ ഗോപാലപുരം എന്ന ഗ്രാമത്തിൽ ഒരു വീട്‌ വാടകക്കെടുത്ത്‌ താമസിച്ച്‌ ഉൽപ്പന്നങ്ങൾ വിറ്റു.

സീസൺ കഴിഞ്ഞതോടെ അവിടെ നിന്നും മടങ്ങി. പിന്നാലെ ഈ പാവങ്ങൾ താമസിച്ച വീട്ടിൽ നിന്നും 40പവൻ സ്വർണം കളവുപോയി എന്ന കേസ്‌ വന്നു. ഈ കേസിൽ ആദിവാസി ഗ്രാമത്തിന്റെ മൂപ്പനായ രാജാക്കണ്ണിനെ തേടി പൊലിസ്‌ എത്തി. സിപിഐ എമ്മിന്റെ ലോക്കൽ സെക്രട്ടറിയായ ഗോവിന്ദൻ പൊലിസുകാരുമായി സംസാരിച്ച്‌ രാജാകണ്ണ്‌ ഗ്രാമത്തിലെത്തിയാൽ സ്‌റ്റേഷനിൽ ഹാജരാക്കാമെന്ന്‌ അറിയിച്ചു. തുടർന്ന്‌ പൊലിസുകാർ തിരിച്ചുപോയി. അടുത്ത ദിവസം രാജാക്കണ്ണിനെ ഗ്രാമപഞ്ചായത്തിൽ എത്തിച്ചു. അവിടെ വച്ച്‌ ക്ഷേത്രനടയിൽ താൻ തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ രാജാക്കണ്ണ്‌ സത്യം ചെയ്‌തു.

ഇക്കാര്യമറിഞ്ഞെത്തിയ പൊലിസ്‌ രാജാക്കണ്ണിനെ വിചാരണ എന്നു പറഞ്ഞ്‌ കസ്റ്റഡിയിൽ എടുത്തു. കമ്പാപുരം പൊലിസ്‌ സ്‌റ്റേഷനിലെത്തിച്ച രാജാക്കണ്ണിനെ ക്രൂരമായി നഗ്‌നനാക്കി മർദ്ദിച്ചു കൊന്ന ശേഷം റോഡരികിൽ വലിച്ചെറിയുകയായിരുന്നു. മർദനത്തിനിടെ ലിംഗം ഛേദിച്ചിരുന്നു. ഈ സംഭവം സിപിഐ എം ഏറ്റെടുത്തു. അന്ന്‌ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്നത്‌ ഇന്നത്തെ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണനായിരുന്നു.

സംഭവത്തിൽ തുടക്കം മുതൽ ഇടപെട്ട സഖാവ്‌ ഗോവിന്ദൻ ക്രൂരന്മാരായ പൊലിസുകാർക്ക്‌ ശിക്ഷ വാങ്ങികൊടുക്കുന്നതുവരെ പോരാട്ടക്കളത്തിലുണ്ടായിരുന്നു. അന്ന്‌ സിപിഐ എമ്മിനു വേണ്ടി കേസ്‌ വാദിച്ചത്‌ വിരമിച്ച ജസ്‌റ്റീസ്‌ ചന്ദ്രു വായിരുന്നു. 13 വർഷത്തെ പോരാട്ടത്തിനൊടുവിൽ അഞ്ചു പൊലിസുകാർക്ക്‌ 14 വർഷം വീതം കഠിനതടവ്‌ ലഭിച്ചു. കേസിനൊപ്പം നിന്ന ഗോവിന്ദന്‌ 25 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തു. എന്നാൽ എല്ലാം നിരശിച്ച്‌ ഗോവിന്ദൻ ആദിവാസികൾക്കൊപ്പം നിന്നു. സിപിഐ എമ്മിന്റെ പോരാട്ട ചിത്രത്തിലെ മഹത്തായ അധ്യായമാക്കി മാറ്റി. 13 വർഷം കഴിഞ്ഞ്‌ 36–-ാം വയസിലാണ്‌ ഗോവിന്ദൻ വിവാഹം തന്നെ കഴിച്ചത്‌.

സിനിമയുടെ തുടക്കം തന്നെ ദളിതരുടെ അവകാശങ്ങൾക്കായി ചെമ്പാതകയേന്തി നടത്തുന്ന സമരവുമായിട്ടാണ്‌. ഇവിടെ ഏതെങ്കിലും കൊടിയല്ല. അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്‌ത കൊടിതന്നെ. യഥാർത്ഥ സംഭവത്തിൽ കുറമ്പർ ജാതിയാണെങ്കിൽ സിനിമയിൽ ഇരുള ജാതിയാണ്‌ എന്നു മാത്രം. വയലുകൾ തോറും നടന്ന്‌ നെൽച്ചെടികൾ നശിപ്പിക്കുന്ന എലികളെ പിടിച്ച്‌ ചുട്ടുതിന്നുന്ന രാജാകണ്ണിന്റെ കുടുംബവും ബന്ധുക്കളും. കർഷകനേയും കൃഷിയേയും സംരക്ഷിക്കുന്ന ഇവരെ മനുഷ്യരായി കാണാൻ ജന്മി തായ്യാറാകാത്തത്‌ പറയാതെ പറയുന്നു.

വേട്ടക്കാര കൂട്ടം നാങ്ക (വേട്ടയാടി ജീവിക്കുന്നവർ ഞങ്ങൾ) കാട്ടെയും നാട്ടെയും കാക്കറ കൂട്ടം (കാടും നാടും സംരക്ഷിക്കുന്നവർ) എന്ന ഗാനവും ദളിതന്റെ ഹൃദയവലുപ്പം ചൂണ്ടികാട്ടുന്നു. യഥാർത്ഥ സംഭവത്തിലെ കഥാപാത്രമായ രാജാകണ്ണ്‌ എന്ന പേരിനു മാറ്റമില്ല. ഭാര്യ പാർവതിക്കു പകരം സിനിമയിൽ ചെങ്കിണി എന്ന പേരാണ്‌. സഖാവ്‌ ഗോവിന്ദന്‌ പകരം സാക്ഷരത പ്രവർത്തകയായ അധ്യാപിക മൈത്രയാണ്‌. അന്നത്തെ കേസ്‌ വാദിച്ച വക്കീൽ ചന്ദ്രുതന്നെയാണ്‌ സിനിമയിലും. ഓരോസീനിലും മനുഷ്യവകാശം ലംഘിക്കപ്പെടുന്ന ദളിതരുടെ ആന്മരോദനം കാണാൻ കഴിയും.

സിനിമയിലുട നീളം രാഷ്‌ടീയം സംസാരിക്കുന്നു. അതു വെറും രാഷ്‌ട്രീയമല്ല. ഇടതുപക്ഷ രാഷ്‌ട്രീയം തന്നെ. വക്കീൽ ചന്ദ്രുവായി സുര്യ ജീവിക്കുകയായിരുന്നു. രാജാക്കണ്ണായി മണികണഠനും ചെങ്കണിയായി ലിജോമോൾജോസും മൈത്രയായി രജിഷവിജയനും ഐജി പെരുമാളായി പ്രകാശ്‌രാജും കഥാപാത്രങ്ങളോട്‌ നീതിപുലർത്തി. നടൻ സൂര്യ തന്നെയാണ്‌ നിർമാണം. ടി എസ്‌ ജ്ഞാനവേൽ ആണ്‌ സംവിധാനം. പ്രത്യക്ഷ രാഷ്‌ട്രീയത്തിൽ കമ്യൂണിസ്‌റ്റു പ്രസ്ഥാനത്തിന്റെ പങ്ക്‌ പറയാൻ മടിക്കുന്ന കാലത്തെ ധീരതയാണ്‌ ജയ്‌ ഭീം. എല്ലാവരും കാണേണ്ട ചിത്രം.

(എ‍ഴുതിയത്- ദേശാഭിമാനി ലേഖകന്‍ ഇ എൻ അജയകുമാർ)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News