ട്വന്‍റി-20 പുരുഷ ലോകകപ്പ്; സൂപ്പര്‍ ട്വല്‍വില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

ട്വൻറി-20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യ 66 റൺസിന് അഫ്ഗാനിസ്ഥാനെ തകർത്തു. തട്ടുപൊളിപ്പൻ ബാറ്റിംഗ് പുറത്തെടുത്ത രോഹിത് ശർമയാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ ഇന്ത്യ സെമിസാധ്യത നിലനിർത്തി. നവംബർ 5ന് ഇന്ത്യ സ്കോട്ട്ലണ്ടിനെ നേരിടും.

ഇന്ത്യൻ ബാറ്റർമാർ സംഹാര താണ്ഡവമാടിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബൗളർമാർ പലപ്പോഴും കാഴ്ചക്കാരായി മാറി. ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും മാസ്മരിക സ്ട്രൈക്ക്റേറ്റുമായി ആഞ്ഞടിച്ചപ്പോൾ ടീംഇന്ത്യയുടെ റൺ നിരക്ക് കുത്തനെ ഉയർന്നു.

ബൗണ്ടറികളുടെയും സിക്സറുകളുടെയും മാലപ്പടക്കത്തിന് തിരികൊളുത്തിയ ഉശിരൻ വെടിക്കെട്ടായിരുന്നു ഷെയ്ഖ്സയേദ് സ്റ്റേഡിയത്തിലെ ആരാധകർക്കായി ഇന്ത്യ ഒരുക്കിയത്. 47 പന്തിൽ 8 ബൗണ്ടറിയും മൂന്ന് സിക്സറും ഉൾപ്പെടെ രോഹിത് ശർമ നേടിയത് 74 റൺസാണ്.

48 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്സറും ഉൾപ്പെടെ കെ എൽ രാഹുൽ 69 റൺസെടുത്തു. ഓപ്പണർമാർ പുറത്തായശേഷം ഒത്തുചേർന്ന റിഷാഭ് പന്തും ഹാർദ്ദിക് പാണ്ഡ്യയും ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 200 കടന്നു.27 റൺസുമായി റിഷഭ് പന്തും 35 റൺസുമായി ഹാർദ്ദിക് പാണ്ഡ്യയും ക്രീസിൽ അപരാജിതരായപ്പോൾ നിശ്ചിത ഓവറിൽടീം ഇന്ത്യൻ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻറെ തുടക്കം ബാറ്റിംഗ് തകർച്ചയോടെയായിരുന്നു. മുഹമ്മദ് ഷമിയും ആർ അശ്വിനും കൃത്യതയോടെ പന്ത് എറിഞ്ഞപ്പോൾ അഫ്ഗാൻ ബാറ്റർമാർ പ്രതിസന്ധിലായി.69 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ അഫ്ഗാനിസ്ഥാനെ ദയനീയ തോൽവിയിൽ നിന്നും രക്ഷിച്ചത് മുഹമ്മദ് നബിയുടെയും കരിം ജെന്നത്തിൻറെയും ബാറ്റിംഗാണ്.

മുഹമ്മദ് നബി 35 റൺസെടുത്തപ്പോൾ കരിം ജെന്നത്ത് 42 റൺസുമായി പുറത്താകാതെ നിന്നു. നിശ്ചിത ഓവറിൽ അഫ്ഗാൻ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസിലൊതുങ്ങിയതോടെ ഇന്ത്യയ്ക്ക് ടൂർണമെൻറിലെ ആദ്യ ജയം സ്വന്തം. രോഹിത് ശർമയാണ് പ്ലെയർഓഫ് ദി മാച്ച്.

വിജയത്തോടെ ഇന്ത്യ സെമിസാധ്യത നിലനിർത്തി. ഗ്രൂപ്പ് രണ്ടിൽ ന്യൂസിലണ്ടിന് പിന്നിലായി നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.നവംബർ 5ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി സ്കോട്ട്ലണ്ടാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News