പെഗാസസ് ചാരസോഫ്റ്റ്‌വെയർ നിർമാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. എൻഎസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40 രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്ന അവകാശവാദമാണ് എൻഎസ്ഒയുടേത്.
റഷ്യയിലെ പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടർ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ വിവരങ്ങൾ ചോർത്താൻ വിദേശ സർക്കാരുകൾക്ക് സോഫ്റ്റ്‌വെയർ വിൽപന നടത്തിയതിനാണ് കമ്പനികൾക്കെതിരായ നീക്കം.
നേരത്തെ ഇസ്രായേൽ എൻഎസ്ഒയ്‌ക്കെതിരെ നടപടിയെടുത്തപ്പോൾ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു എൻഎസ്ഒയുടെ പ്രതികരണം.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെഗാസസ് ചാര സോഫ്‌റ്റ്വെയർ ഉപയോഗിച്ച് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകൾ ചോർത്തിയത് ആഗോള തലത്തിൽ വലിയ വിവാദമായിരുന്നു. പെഗാസസിന്റെ നിരീക്ഷണത്തിൽ ഇന്ത്യയിലെ രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, നാൽപതിലേറെ മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.