26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു; ഫലപ്രദമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതില്‍ ഗ്ലാസ്ഗോയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം

യുഎന്നിന്‍റെ നേതൃത്വത്തിൽ ഗ്ലാസ്ഗോയിൽ 26-ാമത് കാലാവസ്ഥാ ഉച്ചകോടി തുടരുന്നു. യോഗത്തെ അഭിസംബോധന ചെയ്ത ലോകനേതാക്കളെല്ലാം നടത്തിയത് കൈയടി നേടാനുള്ള പ്രഖ്യാപനം മാത്രമെന്ന് വിമർശനം. ഫലപ്രദമായ തീരുമാനങ്ങൾ ഉണ്ടാകാത്തതിൽ ഗ്ലാസ്ഗോയിൽ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധവും തുടരുന്നു.

ലോകമൊട്ടാകെ വ്യാപകമാകുന്ന ഉഷ്ണതരംഗവും കാട്ടുതീയും ചെറുദ്വീപ് രാജ്യങ്ങളെ മുക്കിക്കൊല്ലുന്ന കടലേറ്റവും ആഫ്രിക്കൻ രാജ്യങ്ങൾ നേരിടുന്ന വിഷമാലിന്യവുമുൾപ്പെടെ നിരവധി ഭീഷണികളാണ്‌ പരിസ്ഥിതി നേരിടുന്നത്‌. ഈ സാഹചര്യത്തിൽ ‌2016ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ ഉയർത്തിയ ലോകലക്ഷ്യങ്ങളുടെ വിലയിരുത്തലിനായിക്കൂടിയാണ് ഗ്ലാസ്ഗോയിൽ ലോകസമൂഹം യോഗം ചേർന്നത്.

വ്യവസായവൽക്കരണത്തിനു മുമ്പുള്ള ആഗോള താപ നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കുക എന്നതാണ്‌ ഗ്ലാസ്‌ഗോ ഉച്ചകോടി പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം 2.7 ഡിഗ്രി സെൽഷ്യസ് താപനില വർധനയിലേക്ക് നയിക്കപ്പെടുമെന്നാണ്‌ യുഎൻ റിപ്പോർട്ട്.

വികസ്വര, അവികസിത രാജ്യങ്ങളെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വ്യതിചലിപ്പിക്കാൻ സഹായിക്കുന്നതിന് പ്രതിവർഷം ഒരു ലക്ഷം കോടി ഡോളർ ഫണ്ട് നൽകാമെന്ന്‌ സമ്പന്ന രാജ്യങ്ങൾ ഉറപ്പുനൽകിയിരുന്നു. ഉച്ചകോടിയിലെ പ്രധാന ചർച്ചകളിൽ ഒന്നായ ഈ സാമ്പത്തിക സഹായത്തിന്റെ സമയപരിധി പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് ദേശീയതകളുടെ പരിഹാരം ശരിയാകില്ലെന്നാണ് കൊവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചതെന്ന ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ലിയുടെ പ്രസ്താവനയെ ആവേശത്തോടെയാണ് ലോകമേറ്റെടുത്തത്. എന്നാൽ ഈ തീപ്പൊരി പ്രസംഗത്തിനിടയിൽ അമേരിക്കൻ പ്രസിഡൻറ് ഉറക്കം തൂങ്ങുന്നതിനും ഉച്ചകോടി സാക്ഷിയായി.

ഉച്ചകോടിക്കിടെ ലോകനേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പ്രഹസനമാണെന്നത് നരേന്ദ്ര മോദി തന്നെ നടത്തിയ പ്രഖ്യാപനങ്ങളിൽ വ്യക്തമാണ്. 2030ൽ രാജ്യത്തിന്റെ ഊർജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് നിറവേറ്റുമെന്നായിരുന്നു ഒരു പ്രഖ്യാപനം‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാകില്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുമെന്നു പറയുമ്പോൾ തന്നെ ഊർജമേഖലയിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ ഉൽപ്പാദനം 50 ശതമാനം വർധിപ്പിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.

2030നുള്ളിൽ വനനശീകരണം അവസാനിപ്പിക്കുമെന്ന നൂറോളം പ്രഖ്യാപനത്തിൽ ബ്രസീലിയൻ പ്രസിഡൻറ് ബോൾസനാരോ കൂടിയുണ്ടെന്നതും വിരോധാഭാസം. ലോകത്തിൻറെ ശ്വാസകോശമായ ആമസോൺ ചുട്ടരിക്കുമ്പോളാണ് ഗ്ലാസ്ഗോയിൽ ബോൾസനാരോയുടെ പ്രഖ്യാപനം.

ഇതിനിടെ സമ്മേളനം നടക്കുന്ന ഗ്ലാസ്ഗോയിലും മറ്റ് യൂറോപ്യൻ നഗരങ്ങളിലും പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധ സമരം കനക്കുകയാണ്. ഇനിയും ഇവിടെ ബ്ലാ-ബ്ലാ അടിക്കേണ്ട എന്ന ഗ്രേറ്റ തുൺബർഗിൻറെ പരിഹാസം വലിയ ചർച്ചയായിരുന്നു. നവംബർ 1, 2 തീയതികളിൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത ലോകനേതാക്കൾ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ഉച്ചത്തള്ള് മാത്രമാണെന്നും ദരിദ്ര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ പ്രഹസനത്തിന് വ‍ഴങ്ങേണ്ടിവരികയാണെന്നുമാണ് ഉയരുന്ന വിമർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News