ജയ് ഭീം – നെഞ്ചിലൊരു ഭാരം ..തൊണ്ടയിലൊരു പിടുത്തം ..കൺപീലിയിലൊരു നനവ്…‘പോരാട്ടം നടത്തുന്നതിന് നിയമം എനിക്കൊരു ആയുധമാണ്. കോടതിയിൽ നീതി കിട്ടിയില്ലെങ്കിൽ തെരുവിൽ ഇറങ്ങി പോരാടും’’ എന്നുറക്കെ പറഞ്ഞ മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി. ജെ. ജ്ഞാനവേൽ ഒരുക്കിയ ചിത്രം ‘ജയ് ഭീം’ എന്ന പോരാട്ട ചിത്രത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി.സിനിമ എന്നത് സമയം കൊല്ലാനുള്ള വിനോദോപാധി എന്ന കേവല ധാരണകളെ പിച്ചി ചീന്തിക്കൊണ്ട് കാഴ്ചക്കാരന്റെ മനസിൽ അഗ്നിപർവ്വതം സൃഷ്ടിക്കുന്ന ജയ് ഭീമിന് ഒരു ഉഗ്രൻ സല്യൂട്ട് എന്നാണ് അദ്ദേഹം കുറിച്ചത്.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ജയ് ഭീം.1993 ൽ സി പി ഐ (എം) കമ്മപുരം ഏരിയ സെക്രട്ടറിയോട്, തന്റെ ഭർത്താവ് രാജാകണ്ണിന്റെ തിരോധനത്തെ പറ്റി പരാതി കൊടുക്കാൻ ഭാര്യ പാർവതി എത്തുന്നത് മുതലാണ് രാജാകണ്ണ് തിരോധാനകേസിന്റെ യഥാർത്ഥ ആരംഭം. കമ്മപുരം പോലീസ് സ്റ്റേഷനിൽ ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് രാജാമോഹന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ സമരങ്ങൾക്ക് ശേഷം തമിഴ്നാട് സ്റ്റേറ്റ് കമ്മറ്റി വിഷയം ഏറ്റെടുത്തു. ഇപ്പോൾ സി പി ഐ എം പിബി അംഗമായിട്ടുള്ള സഖാവ് ജി രാമകൃഷ്ണൻ, ആ കുടുംബത്തെ മദ്രാസിലേക്ക് വിളിക്കുകയും പിന്നീട് ഹൈക്കോടതി ജഡ്ജി ആയി മാറിയ സ. ചന്ദ്രുവിനെ കേസ് ഏല്പിക്കുകയും ചെയ്തു.
ജയ് ഭീം – നെഞ്ചിലൊരു ഭാരം ..തൊണ്ടയിലൊരു പിടുത്തം ..കൺപീലിയിലൊരു നനവ്…മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ എഴുതി സംവിധാനം ചെയ്ത,സൂര്യ, ലിജോമോൾ ,രജിഷ വിജയൻ, പ്രകാശ്‌രാജ്, കെ മണികണ്ഠൻ തുടങ്ങിയവർ പകർന്നാടിയ ജയ് ഭീമിനെ വിശേഷിപ്പിക്കാൻ ഇങ്ങനെ കഴിയൂ.
സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും ശക്തമായ ചലച്ചിത്ര ആവിഷ്കാരമാണ് ഈ ചിത്രം. സംവിധായകനും നിർമ്മാതാവ് കൂടിയായ സൂര്യയും ചേർന്ന് പ്രകടിപ്പിച്ച അസാമാന്യ ധൈര്യം അടിവരയിട്ട് പറയേണ്ടതാണ്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ഇരുളരുടെ ഇരുൾവീണ വഴികളിലേക്ക് ആണ് ചിത്രം വെളിച്ചം വീശുന്നത്. സവർണരും അധികാരികളും പോലീസും നടത്തുന്ന നിഷ്ഠൂരമായ മനുഷ്യവേട്ട നമ്മുടെ മനസ്സിലേക്ക് പറിച്ചു നടുകയാണ്.തമിഴ്നാട്ടിലെ ജാതി ഉച്ചനീചത്വങ്ങളുടെ യഥാർത്ഥത്തിലുള്ള ഏടാണിത്.ചന്ദ്രു എന്ന അഭിഭാഷകന് കരുത്തും നിശ്ചയദാർഢ്യവും ദിശാബോധവും പകർന്നുനൽകുന്ന ചെങ്കൊടിയും മാർക്സും ലെനിനും പെരിയാറും അബേദ്ക്കറുമൊക്കെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.
ജാതി അസമത്വങ്ങളും അടിച്ചമർത്തലുകളും കാലിക ഇന്ത്യയുടെ യാഥാർഥ്യങ്ങളിൽ ഒന്നാണ്.കേരളം ഭേദപ്പെട്ട ഇടമാണെങ്കിലും ഇനിയും നമുക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. തമിഴ് സിനിമയാണെങ്കിലും ഏതൊരു മലയാളിക്കും തരിപ്പോടെ അഭിമാനിക്കാൻ കഴിയുന്ന കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്.നായകനോടൊപ്പമോ ചിലപ്പോൾ അതിലേറെയോ മിഴിവോടെ നിൽക്കുന്ന കഥാപാത്രമായ സെങ്കനി എന്ന ദളിത് വനിതയ്ക്ക് അക്ഷരാർത്ഥത്തിൽ ജീവൻ നൽകിയ ലിജോമോൾ ജോസിനെ കുറിച്ച് പറയാതെ വയ്യ.
പീഡനപർവം നിശബ്ദതയിലും കണ്ണുനീരിലും ചവിട്ടിക്കയറിയ സെങ്കനിയുടെ പല വാചകങ്ങളും ചാട്ടുളിപോലെ പ്രേക്ഷകരെ വേട്ടയാടും.അരുംകൊല ചെയ്യപ്പെട്ട ഭർത്താവിന് പകരമായി പണം വാഗ്ദാനം ചെയ്ത പോലീസ് മേലാളന്റെ നേരെ നോക്കി ‘അച്ഛനെ അടിച്ചുകൊന്ന കാശാണ് മക്കളെ ഇതെന്ന് അവരോട് പറയേണ്ട ഗതികേട്’ തനിക്കുണ്ടാകില്ലെന്ന് സെങ്കനി പറയുന്നത് അധികാര വർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനേൽക്കുന്ന പ്രഹരമാണ്.
സിനിമ എന്നത് സമയം കൊല്ലാനുള്ള വിനോദോപാധി എന്ന കേവല ധാരണകളെ പിച്ചി ചീന്തിക്കൊണ്ട് കാഴ്ചക്കാരന്റെ മനസിൽ അഗ്നിപർവ്വതം സൃഷ്ടിക്കുന്ന ജയ് ഭീമിന് ഒരു ഉഗ്രൻ സല്യൂട്ട്.
Get real time update about this post categories directly on your device, subscribe now.