‘ജയ് ഭീമിൽ’  സഖാവ് ചന്ദ്രുവിനോടൊപ്പം കണ്ടിരിക്കേണ്ട നാല് പേർ ഇവരാണ് 

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സൂര്യ  പ്രധാന കഥാപാത്രമായി എത്തിയ ‘ജയ് ഭീം’  എന്ന തമിഴ് സിനിമ വൻ ജനപ്രീതി നേടിയാണ് മുന്നേറുന്നത്. ടി ജെ ജ്ഞാനവേല്‍  കഥയെഴുതി സംവിധാനം ചെയ്ത സിനിമയിൽ മലയാളിക്കും അഭിമാനിക്കാനേറെ. സിനിമയുടെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന മലയാളി നടിമാരാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ രാജാക്കണ്ണിന്റെ ഭാര്യയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിജോമോളും  ടീച്ചറുടെ വേഷത്തിലെത്തുന്ന രജിഷ വിജയനും സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്.

സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. എന്തുകൊണ്ടാണ് സിനിമയില്‍ സിപിഎമ്മിന് ഇത്രയേറെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. ആദ്യം അഭിഷാകനും പിന്നീട് ന്യായാധിപനുമായിമാറിയ ജസ്റ്റിസ് ചന്ദ്രു  (സൂര്യ) ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍, അതിനോട് നീതികാണിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചന്ദ്രുവിന്റെ രാഷ്ട്രീയം സിനിമയിലും ഉണ്ടാകും. താന്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും ജ്ഞാനവേല്‍ അഭിമുഖത്തില്‍ പറയുന്നു.

സൂര്യയുടേയും ജ്യോതികയുടേയും പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ‘ജയ് ഭീം’ നിര്‍മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സെങ്കെണിയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ ലിജോമോള്‍ ജോസ് ആണ്. പ്രകാശ് രാജ്, റാവു രമേശ്, കെ മണികണ്ഠന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ചിത്രത്തിൽ സഖാവ് ചന്ദ്രുവിനോളം തന്നെ കാണേണ്ട നാല് പേർ

1) സഖാവ് ഗോവിന്ദൻ

സഖാവ് ഗോവിന്ദൻ എന്ന സിപിഐ എം പ്രാദേശിക നേതാവാണ് ഈ വിഷയത്തിൽ ആദ്യത്തെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. കമ്മപുരം താലൂക്ക് കമ്മിറ്റി മെമ്പറായ സഖാവ് ഗോവിന്ദന് ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങൾ വന്നിട്ടും അദ്ദേഹം പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്നുണ്ടായ ശാരീരികമായ ആക്രമണങ്ങളെയും വധഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് സഖാവ് പാർവതിക്കും രാജാക്കണ്ണിനുമായി നിലകൊണ്ടത്. ഈ കേസ് അവസാനിക്കുന്നതുവരെയും സ്വന്തമായി കുടുംബം പോലും വേണ്ടെന്ന് വച്ച സഖാവ് 13 വർഷങ്ങൾക്ക് ശേഷം കേസ് പൂർണമായും അവസാനിച്ചതിന് ശേഷമാണ് കല്യാണം പോലും കഴിക്കുന്നത്.

2) സഖാവ് രാജ്മോഹൻ

സഖാവ് രാജ്മോഹൻ സിപിഐ എം കമ്മപുരം താലൂക്കിൻ്റെ സെക്രട്ടറിയാണ്. സഖാവ് ഗോവിന്ദൻ ഇങ്ങനെയൊരു നിഷ്ഠൂര സംഭവം അറിയിച്ചതോടെ പാർട്ടി  താലൂക്ക് കമ്മിറ്റിയാണ് പോലീസ് സ്റ്റേഷന് മുന്നിലടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. വിഷയം ജില്ലാക്കമ്മിറ്റിയെ അറിയിക്കുന്നത് സഖാവ് രാജ്മോഹനാണ്. ജില്ലാക്കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നതോടെയാണ് കേസ് ഫയൽ ചെയ്യപ്പെടുന്നത്.

3) സഖാവ് കെ ബാലകൃഷ്ണൻ

ജയ് ഭീം സിനിമയിലെ പ്രധാനപ്പെട്ട പാർട്ടിക്കാരനായി വരുന്ന സഖാവ് സത്യത്തിൽ അന്നത്തെ പാർടി വിരുധാചലം ജില്ലാ സെക്രട്ടറിയായ സഖാവ് കെ ബാലകൃഷ്ണനാണ്. സഖാവാണ് പ്രശ്നത്തിൽ പോലീസിനെതിരെ കേസിന് പോകാമെന്ന് പാർവതിയോടെ പറയുന്നതും കേസിനാവശ്യമായ ആദ്യ സഹായങ്ങൾ നൽകുന്നതും. തുടർന്ന് സഖാവ് തന്നെ വിഷയം സ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി ഇടപെട്ടതോടെയാണ് രാജാക്കണ്ണിൻ്റെ ഭാര്യയായ പാർവതിക്ക് സഖാവ് ചന്ദ്രുവിനെ വക്കീലായി ലഭിക്കുന്നത്. അന്ന് ഈ വിഷയത്തിൽ ഇടപെട്ട സ. കെ ബാലകൃഷ്ണനാണ് ഇപ്പോൾ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നത്.

4) മിത്ര ടീച്ചർ

സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ മാതൃകയിൽ നിരക്ഷരരായ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി തുടക്കം കുറിച്ച പ്രസ്ഥാനമാണ് അറിവൊളി ഇയക്കം. ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമായി കമ്മപുരത്തിലെ ആദിവാസികളെ പഠിപ്പിക്കാനെത്തിയ സഖാവാണ് ഇതിൽ രെജിഷ വിജയൻ്റെ കഥാപാത്രം. ഈ കഥാപാത്രവും സിനിമക്കായി സൃഷ്ടിക്കപ്പെട്ട ഒന്നല്ല.  എഴുത്തും വായനയും അറിയാത്ത ആദിവാസികളെ പഠിപ്പിക്കാനായി പാർട്ടി കമ്മപുരത്തേക്കയച്ച ഈ ടീച്ചറും കേസുമായി ബന്ധപ്പെട്ട് നൽകിയ സംഭാവനകൾ മറക്കാൻ പറ്റാത്തതാണ്. സംസ്ഥാനത്തുടനീളം അറിവൊളി ഇയക്കം പ്രസ്ഥാനത്തിലൂടെ ലക്ഷക്കണക്കിന് നിരക്ഷരരെ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചുനൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ഇപ്പോഴും തമിഴ്നാട് സയൻസ് ഫ്രണ്ട് എന്ന പേരിൽ ഈ പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News