കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ‘കുറുപ്പി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമാകുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നുണ്ട്.
താരത്തിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം കൂടിയാണ് കുറുപ്പ്. കേരളംകണ്ട ഏറ്റവുംവലിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കിയൊരുങ്ങുന്ന കുറുപ്പിന്റെ മുടക്കുമുതൽ 35 കോടിയാണ്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. സെക്കൻഡ് ഷോ’യ്ക്കുശേഷം ശ്രീനാഥ് രാജേന്ദ്രൻ-ദുൽഖർ സൽമാൻ ടീം ഒന്നിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രം നവംബർ 12നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. വിനി വിശ്വ ലാലാണ് ക്രീയേറ്റീവ് ഡയറക്ടർ. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.