റിലീസാവാൻ ഇനി വെറും ഏഴ് ദിനങ്ങൾ ബാക്കി നിൽക്കവേ പ്രീ-ബുക്കിങ്ങിൽ ഹൗസ്ഫുൾ ആയി ദുൽഖറിന്റെ ‘കുറുപ്പ്’.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. പ്രീ-ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്കകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്.
സൂപ്പർതാര ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയേറ്ററുകൾ തുറക്കുമ്പോൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ ന്യൂ തീയറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ആഡ് ചെയ്തു. കൊവിഡിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് പ്രതികരണം.
അതേസമയം, ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ ഉറപ്പ് നൽകുന്നത്. ട്രെയ്‌ലറിന് മുൻപ് പുറത്തിറങ്ങിയ ‘പകലിരവുകൾ’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. സെക്കൻഡ് ഷോ’യ്ക്കുശേഷം ശ്രീനാഥ് രാജേന്ദ്രൻ-ദുൽഖർ സൽമാൻ ടീം ഒന്നിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ യുവതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.