കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നൽകി ബ്രിട്ടൻ

കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോൽനുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് മോൽനുപിറാവിർ എന്ന ആന്റി വൈറൽ ഗുളികയ്ക്ക് അംഗീകാരം നൽകിയത്.

ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണ സാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കൊവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ പറയുന്നു. കൊവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്.

ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാമെന്നാണ് പ്രതീക്ഷ. ആശുപത്രിവാസം കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്.

വികസ്വര രാജ്യങ്ങൾക്ക് ‘മോൽനുപിറാവിർ’ ചെലവ് കുറച്ച് ഉത‌്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസ് നൽകുമെന്ന് കഴിഞ്ഞ മാസം മെർക്ക് പ്രഖ്യാപിച്ചിരുന്നു. കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്.

ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കൊവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ബ്രിട്ടൻ ഗുളിക നൽകുന്നത് അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നൽകിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here