കൗമാരക്കാരിയെ സെക്‌സ് റാക്കറ്റിന് വിറ്റ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍

പ്രണയം നടിച്ച് തന്റെ മകളെ കൂട്ടിക്കൊണ്ടുപോയി സെക്‌സ് റാക്കറ്റിന് വിറ്റു പണം തട്ടി കടന്നു കളഞ്ഞ അവളുടെ കാമുകനായ പത്തൊന്‍പതുകാരനെ തേടിപ്പിടിച്ചു ചെന്ന് കുത്തിക്കൊന്ന് അച്ഛന്റെ പ്രതികാരം

അമേരിക്കയിലെ സിയാറ്റിലില്‍ ആണ് സംഭവം. ജോണ്‍ ഐസ്മാന്‍ എന്ന അറുപതുകാരനെയാണ് പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തിട്ടുള്ളത്. യുവാവിന്റെ മൃതശരീരം അഴുകിത്തുടങ്ങിയ നിലയില്‍ അയാളുടെ കാറില്‍ നിന്ന് ഒക്ടോബര്‍ 22 -ന് കണ്ടെടുക്കപ്പെട്ടതിനു പിന്നാലെ നടന്ന അന്വേഷണമാണ് അയാളുടെ കാമുകിയുടെ പിതാവിലേക്ക് എത്തിച്ചേര്‍ന്നത്.

2020 ഒക്ടോബര്‍ മാസത്തിലാണ് തന്റെ മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ പെട്ട് നരകിക്കുകയാണ് എന്ന വിവരം ഐസ്മാന്‍ അറിയുന്നത്. ഉടനടി ചെന്ന് തന്റെ മകളെ അദ്ദേഹം റാക്കറ്റില്‍ നിന്ന് മോചിപ്പിച്ച് തിരികെ വീട്ടിലെത്തിക്കുന്നു.

വീട്ടിലെത്തിയ ശേഷമാണ് മകള്‍, തന്നെ ചതിയില്‍ പെടുത്തി സെക്‌സ് റാക്കറ്റിനു വിറ്റത് കാമുകനായ ആന്‍ഡ്രൂ സോറെന്‍സണ്‍ തന്നെയാണ് എന്ന വിവരം അച്ഛനോട് വെളിപ്പെടുത്തുന്നത്.

അന്നുമുതല്‍ ആന്‍ഡ്രൂവിനെ തിരഞ്ഞുകൊണ്ടിരുന്ന ഐസ്മാന്‍, എയര്‍വെ ഹൈറ്റ്‌സ് എന്ന സമീപസ്ഥ പട്ടണത്തിലേക്ക് അയാള്‍ വരുന്നുണ്ട് എന്ന വിവരം അറിയുന്നു. അവിടേക്ക് ചെന്ന് ആന്‍ഡ്രുവിനെ നേരില്‍ കാണുന്ന ഐസ്മാന്‍, അയാളെ തന്റെ കാറില്‍ തട്ടിക്കൊണ്ടുപോവുന്നു. തുടര്‍ന്ന് കാടിനു നടുവില്‍ ആളൊഴിഞ്ഞിടത്തേക്ക് കൊണ്ട് പോയി, അയാളെ കെട്ടിയിട്ടു ചോദ്യം ചെയ്യുന്നു. തന്റെ മകളെ സെക്‌സ് റാക്കറ്റിനു കൈമാറിയതിന്റെ ഉത്തരവാദിത്തം ആന്‍ഡ്രുവിനു തന്നെയാണ് എന്ന് ബോധ്യപ്പെട്ട ശേഷം ഐസ്മാന്‍ അയാളെ തലയ്ക്ക് ഹോളോബ്രിക്‌സ് കൊണ്ട് അടിച്ചും കത്തികൊണ്ട് തുടര്‍ച്ചയായി കുത്തിയും വധിക്കുന്നു.

അതിനു ശേഷം ആന്‍ഡ്രുവിന്റെ മൃതദേഹം ഡിക്കിയില്‍ വഹിച്ചു കൊണ്ട് സ്‌പോകെന്‍ കൗണ്ടിയുടെ വടക്കന്‍ മലനിരകളിലെ കാടിനു നടുവില്‍ കൊണ്ടുപോയി വണ്ടി അവിടെ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു ഐസ്മാന്‍.

ആഴ്ചകള്‍ക്ക് ശേഷം അവിടെ ക്യാമ്ബിങ്ങിനു വന്ന പ്രദേശവാസികളില്‍ ചിലരാണ് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന കാര്‍ കണ്ടെത്തുന്നതും പൊലീസില്‍ അറിയിക്കുന്നതും. ഈ വാഹനം ഐസ്മാന്റെ കാമുകി ബ്രെണ്ടയുടേതായിരുന്നു എന്നതുകൊണ്ട് പൊലീസ് ആദ്യമെത്തുന്നത് അവിടേക്കാണ്.

പൊലീസ് വന്നപ്പോള്‍ അവരോട് വാഹനം 2020 -ല്‍ മോഷണം പോയതാണ് എന്നാണ് ഐസ്മാന്‍ പറഞ്ഞത്. എന്നാല്‍ ബ്രെണ്ടയെ ചോദ്യം ചെയ്തപ്പോള്‍ അതിനു വിരുദ്ധമായ മൊഴികള്‍ കിട്ടിയതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഐസ്മാന്‍ തന്റെ കുറ്റം സമ്മതിക്കുന്നത്. നിലവില്‍, കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പൊലീസ് കസ്റ്റഡിയിലാണ് ഐസ്മാന്‍ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News