കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാട്ടിലേയ്ക്ക് മടങ്ങി

കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാട്ടിലേയ്ക്ക് മടങ്ങി. ഹൈക്കോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവനുവദിച്ചതിനെത്തുടർന്നാണ് 8 വർഷത്തെ കൊച്ചി ജീവിതത്തിനു ശേഷം ഇരുവർക്കും കണ്ണൂരിലെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനായത്.

ഒരു പതിറ്റാണ്ടുകാലം രണ്ടു പേർക്കും സംരക്ഷണമൊരുക്കിയ മുതിർന്ന സി പി ഐ എം നേതാവ് കെ ടി തങ്കപ്പനും കുടുംബവും സഹപ്രവർത്തകരും വികാരനിർഭരമായാണ് ഇരുവരെയും യാത്രയാക്കിയത്.

8 വർഷക്കാലം സ്നേഹത്തണലൊരുക്കിയ തൃപ്പൂണിത്തുറ ഇരുമ്പനത്തെ വീടിനു സമീപം സ്ഥാപിച്ച എ കെ ജി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് കാരായി രാജനും ചന്ദ്രശേഖരനും യാത്രയ്ക്കൊരുങ്ങിയത്.

യാത്ര പുറപ്പെടും മുമ്പ് സഹപ്രവർത്തകർ ഒരിക്കൽ കൂടി പ്രിയ സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ചു. സ്നേഹ സംരക്ഷണമൊരുക്കിയ മുതിര്‍ന്ന സി പി ഐ എം നേതാവ് കെ ടി തങ്കപ്പനും ഇരുമ്പനത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കണ്ണൂരിൽ നിന്നെത്തിയ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉപഹാരം നല്‍കി.

തലശ്ശേരി എം എല്‍ എ – എ എന്‍ ഷംസീര്‍,സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉള്‍പ്പടെയുള്ള നേതാക്കളും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജാമ്യവ്യവസ്ഥയിലെ കടുത്ത ഉപാധി നിമിത്തം അർധ തടവിലായിരുന്നെങ്കിലും സ്വന്തം നാട്ടിലെന്ന പോലെ എറണാകുളത്തും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ കർമ്മനിരതരായിരിക്കാൻ കഴിഞ്ഞതിൻ്റെ സംതൃപ്തി ഇരുവരും പങ്കുവെച്ചു.

സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഒരു പതിറ്റാണ്ടുകാലം ഇരുവർക്കും കരുതലായി നിന്ന കെ ടി തങ്കപ്പനും കുടുംബവും കാരായി രാജൻ്റെയും ചന്ദ്രശേഖരൻ്റെയും ജന്മനാട്ടിലേയ്ക്കുള്ള മടക്കത്തിലും സഹയാത്രികരായി.

ഫസൽ വധ കേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ടതിനെത്തുടർന്ന് 2012 ജൂൺ 22നാണ്‌ എറണാകുളം മജിസ്‌ട്രേട്ട്‌ കോടതിയിൽ ഇരുവരും ഹാജരായത്‌. ഒന്നരവർഷം ജയിലിലും പിന്നീട് ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥ പ്രകാരം എട്ട്‌ വർഷത്തോളം തൃപ്പൂണിത്തുറ ഇരുമ്പനത്തുമായിരുന്നു താമസം.

ഇതിനിടെ, ഫസലിൻ്റെ കൊലപാതകത്തിനു പിന്നിൽ താനുൾപ്പെടുന്ന ആർ എസ് എസ് പ്രവർത്തകരാണെന്ന് കുപ്പി സുബീഷ് വെളിപ്പെടുത്തിയെങ്കിലും കാരായിമാർക്ക് നീതി ലഭിച്ചില്ല.ഒടുവിൽ ഇക്കഴിഞ്ഞ ഓഗസ്‌ത്‌ അഞ്ചിന്‌ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ്‌ അനുവദിച്ചതോടെയാണ്‌ ഇരുവർക്കും നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസരമൊരുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here