ജയ് ഭീം വെറുതെ ചെങ്കൊടി പറത്തുകയല്ല,പാവങ്ങൾക്ക് ഒപ്പം നില്‍ക്കുന്നത്‌ സി പി എം എന്ന പാര്‍ടിയാണ്‌ എന്ന് കൃത്യമായി എഴുതിയിരിക്കുന്നു

വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ എന്ന് ഒറ്റവരിയിൽ ജയ് ഭീമിനെ പറ്റി പറയാം.അതെ ജയ് ഭീം അഥവാ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള യാത്രയാണ് ഇത്.

കമ്യുണിസ്റ്റ് രാഷ്ട്രീയം ഇത്രയും തുറന്നു പറയുന്ന സിനിമകൾ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ അധികം കാണില്ല..ഇനി വന്നാൽ തന്നെ പലപ്പോഴും ബാലൻസ് ചെയ്താകും പല സിനിമകളും അവസാനിക്കുക.എന്നാൽ സംവിധായകനും കഥാകൃത്തുമായ ടി ജെ ജ്ഞാനവേല്‍ സമ്മാനിച്ച ജയ് ഭീം എന്ന ചിത്രത്തിൽ ആരെയും ഭയക്കാതെ പാറിപ്പറക്കുന്ന ചെങ്കൊടി കാണാം. മാർക്സ്,അംബേദ്കർ, പെരിയോർ ലെനിൻ തുടങ്ങിയവരെ കാണാം. ചെങ്കൊടിക്ക് കീഴിൽ മുദ്രാവാക്യം മുഴക്കുന്ന പാവങ്ങളെ കാണാം.സിനിമയിലുടനീളം നീതിക്കു വേണ്ടി പോരാടുന്ന പാവങ്ങൾക്ക് ഒപ്പം നില്‍ക്കുന്നത്‌ സി പി എം എന്ന പാര്‍ടിയാണ്‌ എന്ന് കൃത്യമായി എഴുതിയിരിക്കുന്നു. വെറുതെ ചെങ്കൊടി പറത്തുകയല്ല കൃത്യമായി സി പി എം എന്ന പാര്‍ടിയെ തന്നെ കാണിക്കുന്നു.അവിടെയാണ് സംവിധായകന്റെയും നിർമാതാക്കളുടെയും കരുത്ത് നമ്മൾ തിരിച്ചറിയുന്നത്.വക്കീല്‍ ഫീസ് നല്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് പറയുന്ന സെങ്കനിയോട് അന്യായം നേരിട്ട ഒരാള്‍ക്കെങ്കിലും നീതി വാങ്ങി കൊടുക്കാന്‍ പറ്റിയാല്‍ കിട്ടുന്ന സന്തോഷം, അതാണ് തനിക്കുള്ള ഫീസെന്ന് ചന്ദ്രു നല്‍കുന്ന മറുപടിയുണ്ട്.അതിൽ കവിഞ്ഞൊരു കമ്യുണിസ്റ് ആശയം പകരാനുണ്ടോ?

ജാതീയമായ വേര്‍തിരിവ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പച്ചയായ യാഥാര്‍ഥ്യമാണ് ജയ് ഭീമിൽ എഴുതിവെച്ചിരിക്കുന്നത് നമ്മളിൽ എത്ര പേര് വിശ്വസിക്കും ഇന്നും ഇങ്ങനെയാണ് ലോകം എന്ന്.മനുഷ്യരുടെ പട്ടികയിൽ കയറികൂടാൻ പോരടിക്കേണ്ടി വരുന്നതും പൊരുതി തോൽക്കുന്നതും ജയിക്കുന്നതും കാണാം.സിനിമതുടങ്ങുന്നത് തന്നെ തന്നെ ജയില്‍ മോചിതനാകുന്നവരെ ജാതി ചോദിച്ചു മോചിപ്പിക്കുകയും താഴ്ന്ന ജാതിക്കാരെ തെളിയിക്കപ്പെടാത്ത കേസുകൾ തലയില്‍ കെട്ടിവയ്ക്കാന്‍ കൈമാറുകയും ചെയ്യുന്ന ജയില്‍ അധികാരികളെയാണ്.ചങ്ക് ഒന്ന് പിടയാതെ കണ്ണ് നനയാതെ കണ്ടുതീർക്കാനാവില്ല ഈ ചിത്രം.

സെങ്കനിയായി പ്രേക്ഷകപ്രശംസ നേടിയ ലിജി മോള്‍ ഉള്ളുരുകും കഥാപാത്രമായി ചിത്രത്തിൽ ജീവിക്കുകയാണ്.സിനിമ കണ്ടു തീർന്നിട്ടും സെങ്കനിയുടെ നോട്ടത്തിൽ നിന്നും മനസ് മാറ്റാൻ കഴിയില്ല.സെങ്കനിയുടെ ഓരോ ഡയലോഗും ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.ഒപ്പം മൈത്രയെന്ന അധ്യാപികയായി രജീഷ വിജയന്‍, എസ്പി അശോക് വരദനായി സിബി തോമസ്, മൂന്നാറിലെ ചായക്കടക്കാരനായി ജിജോയി അങ്ങനെ ചില മലയാളികൾ കൂടി ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.ചില സീനുകളിൽ കേരളത്തിലെ രാജൻ കേസും വിഷയമാകുന്നുണ്ട്.കേരളത്തിലെ മൂന്നാറും പരിസരവും സിനിമയില്‍ കടന്നു വരികയും അവിടുത്തെ മലയാളികൾ കഥയുടെ ഭാഗമാവുകയും ചെയ്യുന്നുണ്ട്.

ഇത് വെറുമൊരു ഫിക്ഷനല്ല.നമ്മുടെ തൊട്ടടുത്ത നാട്ടിൽ വർഷങ്ങൾക്ക് മുൻപ് നടന്ന കഥ. കഥയല്ല ജീവിതം…പല കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ട്.അവരോടെല്ലാം നീതി പുലർത്തിയ ചിത്രം കൂടിയാണിത്.1993-ൽ സി പി ഐ (എം) കമ്മപുരം ഏരിയ സെക്രട്ടറി സ:രാജാമോഹന്റെ പക്കൽ ഒരു പരാതി എത്തുന്നു.തന്റെ ഭർത്താവ് രാജാകണ്ണിനെ കണ്ടെത്തണം എന്നതായിരുന്നു ഭാര്യ പാർവതിയുടെ പരാതി.സ:രാജാമോഹന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ സമരങ്ങൾക്ക് ശേഷം തമിഴ് നാട് സ്റ്റേറ്റ് കമ്മറ്റി വിഷയം ഏറ്റെടുത്തു. അഡ്വ . ചന്ദ്രുവിനെ കേസ് ഏല്പിക്കുകയും ചെയ്തു.ഇരുളർ ആദിവാസി വിഭാഗത്തിൽ പെട്ട രാജാക്കണ്ണിന് നേരെ തമിഴ്നാട് പോലീസ് നടത്തിയ ക്രൂരതയ്‌ക്കെതിരെ, ഭാര്യ പാർവതിയുടെ നിശ്ചയാദാർഢ്യത്തോടെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.


കോടതിയ്ക്കകത്ത് ചന്ദ്രുവും , കോടതിയ്ക്ക് പുറത്ത് പാർട്ടിയും നടത്തിയ ഇടപെടലിന്റെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്ത നീതിയുടെ സിനിമാവിഷ്കാരമാണ് ‘ജയ് ഭിം.സിനിമകളും എഴുത്തുമൊക്കെ അരാഷ്ട്രീയമാകുന്ന ഈ കാലത്തും ഇത്തരം ചിത്രങ്ങൾ ഉണ്ടാകുന്നു എന്നത് ആശ്വാസകരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News