ത്രിപുരയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ അഭിഭാഷകര്‍ക്ക് എതിരെ യുഎപിഎ ചുമത്തി

ത്രിപുരയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ അഭിഭാഷകര്‍ക്ക് എതിരെ യുഎപിഎ നിയമ പ്രകാരം കേസെടുത്ത് ത്രിപുര പൊലീസ്. സംസ്ഥാനത്ത് നടന്ന വര്‍ഗീയ സംഭവങ്ങളിലെ വസ്തുത അന്വേഷിക്കാന്‍ എത്തിയ നാലുപേരടങ്ങുന്ന അഭിഭാഷക സംഘത്തിലെ രണ്ട് പേര്‍ക്ക് എതിരെ ആണ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.

ത്രിപുരയില്‍ മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് എതിരെ വ്യാപക അക്രമം നടക്കുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഈ സംഘം പുറത്ത് വിട്ടതിനു പിന്നാലെ ആണ് ബിജെപി നേതൃത്വം നല്‍കുന്ന ത്രിപുര സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.

ഒക്ടോബര്‍ 29, 30 തിയ്യതികളിലാണ് നാലംഗ സംഘം അക്രമ സംഭവങ്ങളിലെ വസ്തുത അന്വേഷിക്കാന്‍ ത്രിപുരയില്‍ എത്തിയത്. സംഘത്തിലെ അംഗങ്ങളായ അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് എന്നിവര്‍ക്ക് എതിരെ UAPA നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഇതിന് പുറമെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കല്‍, അനധികൃതമായി സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്നിലേറെ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു.

റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് സെക്രട്ടറിയായ അന്‍സാരി, യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രവര്‍ത്തകനായ മുകേഷ് എന്നിവര്‍ക്ക് എതിരെ കേസെടുത്തത്.

ത്രിപുരയില്‍ മുസ്ലീങ്ങള്‍ അരക്ഷിതരാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആണ് ഇവര്‍ കൂടി ഭാഗമായ നാലംഗ അന്വേഷണ സംഘം തയ്യാറാക്കിയത്. മുസ്ലീം മത വിഭാഗത്തില്‍ പെട്ടവരുടെ 12 ആരാധനാലയങ്ങളും 9 കടകളും 3 വീടുകളും വര്‍ഗീയ കലാപത്തില്‍ നശിപ്പിക്കപ്പെട്ടു എന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകര്‍ കൂടിയായ എതേഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ് എന്നിവര്‍ കൂടിയായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ത്രിപുര സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഉണ്ടായ വീഴ്ചയാണ് സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാന്‍ കാരണം എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ച് ബംഗ്ലാദേശില്‍ പൂജാ സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ ഹിന്ദു വര്‍ഗീയ സംഘടനകള്‍ അഴിച്ച് വിട്ടത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആയിരുന്നു അക്രമ പരമ്പര.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here