‘ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ല’: ജയ് ഭീമിനെ കുറിച്ച് മന്ത്രി വി. ശിവന്‍കുട്ടി

കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സൂര്യ പ്രധാന കഥാപാത്രമായി എത്തിയ ‘ജയ് ഭീം’ എന്ന തമിഴ് സിനിമ വന്‍ ജനപ്രീതി നേടിയാണ് മുന്നേറുന്നത്. ടി ജെ ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ രാഷ്ട്രീയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്.

ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം.

യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.

അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്‌ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു .

സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News