കേരളം എന്തുകൊണ്ട് ഇന്ധനവില കുറയ്ക്കുന്നില്ല? ഉത്തരം ലളിതമാണ് ;  മറുപടിയുമായി മന്ത്രി പി രാജീവ് 

കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ് ഇതിനുള്ള വ‍ഴിയെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. മന്ത്രി കുറിച്ചു.

കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിൻ്റെ പൊതു ആവശ്യവും  കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

പി രാജീവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല.

അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിൻ്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർദ്ധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.

കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിൻ്റെ പൊതു ആവശ്യവും  കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News