കേരളക്കരയാകെ രുചിയുടെ ഓളം തീര്‍ക്കാന്‍ താറാവ് വരട്ടിയത്…

നമ്മുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നുതന്നെയാണ് താറാവ് കറികൾ. ഇതിൽ പലരുടെയും പ്രിയപ്പെട്ടതാണ് താറാവ് വരട്ടിയത്. എന്നാൽ പലർക്കും ഇന്നും ഇതിന്റെ രുചിക്കൂട്ട് അറിയുകയില്ല. അതിനാൽ എങ്ങനെയാണ് താറാവ് വരട്ടിയത് ഉണ്ടാക്കുന്നത് എന്ന് പരിശോധിക്കാം.

ആവശ്യമായ ചേരുവകള്‍

താറാവ് – ഒന്നരക്കിലോ

ഉപ്പ്- ആവശ്യത്തിന്

വിനാഗിരി- ആവശ്യത്തിന്

മഞ്ഞൾപൊടി- ഒരു ടേബിൾസ്പൂൺ

മുളകുപൊടി- അര ടേബിൾസ്പൂൺ

മല്ലിപ്പൊടി-  മുക്കാൽ ടേബിൾസ്പൂൺ

ഗരം മസാല- ഒരു ടീസ്പൂൺ

കറിവേപ്പില

വെളിച്ചെണ്ണ

തേങ്ങാ കൊത്ത്

സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക്,

കാന്താരിമുളക്

ചെറിയ ഉള്ളി

രണ്ട് തക്കാളി

ഉണ്ടാക്കുന്ന വിധം

ആദ്യം ഒന്നരക്കിലോ താറാവിറച്ചി ഉപ്പും വിനാഗിരിയും ചേർത്ത് കഴുകിവൃത്തിയാക്കി എടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മഞ്ഞൾപൊടി, അര ടേബിൾസ്പൂൺ മുളകുപൊടി, മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, ആവശ്യത്തിന് കറിവേപ്പില തുടങ്ങിയവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിനു ശേഷം ഇത് അര മണിക്കൂർ മാറ്റി വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് ഇത് വേവിച്ചെടുക്കുക.

ഇതിനുശേഷം ഒരു പാനൽ അല്പം വെളിച്ചെണ്ണ എടുത്തു ഇതിലേക്ക് സവാള ഇട്ട് വഴറ്റി എടുക്കേണ്ടതാണ്. ഇതിലേക്ക് അൽപം കറിവേപ്പില ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. സവാള വഴന്നു വന്നതിനുശേഷം ഇതിലേക്ക് അൽപം ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിനു ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച ചെറിയുള്ളി, കാന്താരിമുളക് തുടങ്ങിയവ ചേർത്തിളക്കുക. സവാള ഒരു ബ്രൗൺ കളർ ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക.

ഇതിലേക്ക് അൽപം നാളികേരകൊത്തു കൂടി ചേർത്തു കൊടുക്കുക. സവാള ബ്രൗൺ കളർ ആയി വന്നതിനു ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടേബിൾസ്പൂൺ മുളകുപൊടി, മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി, തുടങ്ങിയവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലപോലെ വെന്തു വരുന്നതുവരെ ഇനി ഇത് അടച്ചു വച്ച് വേവിക്കേണ്ടതാണ്.

തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം ഇതിലേക്ക് വേവിച്ചുവെച്ച താറാവിറച്ചി ചേർത്തു കൊടുക്കുക. താറാവിറച്ചിയിൽ മസാലകൾ പിടിക്കുന്നതു വരെ നല്ലപോലെ ഇളക്കുക. ഇതിനു ശേഷം അൽപം കറിവേപ്പില, പുതിനയില തുടങ്ങിയവ ചേർത്തു കൊടുത്തു ഉപയോഗിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News