‘മരക്കാര്‍’ ഒടിടി തന്നെ; സ്ഥിരീകരിച്ച് ഫിലിം ചേംബർ

പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രം  ‘മരക്കാര്‍’ ഒടിടി തന്നെ എന്ന് സ്ഥിരീകരിച്ചു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വെളിപ്പെടുത്തി.

നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ലെന്ന് സുരേഷ്‍ കുമാര്‍ വ്യക്തമാക്കി.

മരക്കാറിന് തിയറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തുകയായി 40 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരമാവധി 10 കോടിയെന്നായിരുന്നു ഫിയോക്കിന്‍റെ മറുപടി. ഒടുവിൽ ചേംബർ ഇടപെടലിൽ നിർമ്മാതാവ് മുൻകൂർ തുക 25 കോടിയാക്കി.

ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്ക്കാറിന് വെച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

പരമാവധി സ്ക്രീനുകൾ എന്ന നിർമ്മാതാവിന്‍റെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളിൽ മൂന്നാഴ്ച മരക്കാർ മാത്രം പ്രദർശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയത്. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ചയില്‍ ഒത്തുതീര്‍പ്പാകാഞ്ഞതോടെയായിരുന്നു സർക്കാർ ഇടപെടാൻ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News