സ്‌ക്വിഡ് ഗെയിം കൊണ്ട് ഇത്രയധികം വേദനസഹിച്ച വേറാരുമുണ്ടാകില്ല…വലഞ്ഞ് യുവതി

നെറ്റ്ഫ്ളിക്സില്‍ തരംഗമായ ദക്ഷിണ കൊറിയന്‍ വെബ് സീരീസ് സ്‌ക്വിഡ് ഗെയിം ഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ലിഡിയ എലേരി എന്ന യുവതിയ്ക്ക് സ്‌ക്വിഡ് ഗെയിം സമ്മാനിച്ചത് നിര്‍ഭാഗ്യമാണ്.

ഓണ്‍ലൈന്‍ ഗെയിമറായി ജോലി ചെയ്തിരുന്ന അവര്‍ക്ക് രണ്ട് കമ്പനികളില്‍നിന്നും ജോലി പോയി. ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഈ യുവതി വിധേയമാവുകയും ചെയ്തു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. മാത്രമല്ല, ഒരു കമ്പനികളും അവരെ ഇപ്പോള്‍ ജോലിക്കെടുക്കുന്നില്ല. കാരണമെന്തെന്നോ… ഈ യുവതിയുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ നാമം സ്‌ക്വിഡ് ഗെയിം എന്നാണ്!

ലണ്ടനില്‍ ജനിച്ച് ബ്രിസ്റ്റളില്‍ ജീവിക്കുന്ന ഈ 32-കാരി ഓണ്‍ലൈനില്‍ ഗെയിമുകള്‍ സ്ട്രീം ചെയ്യുന്ന ജോലിയാണ് കാലങ്ങളായി ചെയ്യുന്നത്. അതിനുപയോഗിക്കുന്നത് വിവിധ സോഷ്യല്‍ മീഡിയകളാണ്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ട്വിച്ച്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ ലിഡിയ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് സ്‌ക്വിഡ് ഗെയിം എന്ന പേരാണ്.

42,300 പേരാണ് ലിഡിയയെ ഫോളോ ചെയ്യുന്നത്. ഏഴ് മില്യന്‍ സബ്സ്‌ക്രൈബര്‍മാരുള്ള യോഗ്സ്‌കാസ്റ്റ് എന്ന യൂട്യൂബ് കൂട്ടായ്മയിലെ അംഗവുമാണ് ഇവര്‍. ട്വിറ്ററില്‍ സ്‌ക്വിഡിംഗ് ഗെയിം എന്നാണ് ഇവരുടെ ഹാന്‍ഡില്‍.

സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്‌ക്വിഡ് ഗെയിം സെപ്റ്റംബര്‍ 17-നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 32 മുതല്‍ 63 മിനിറ്റുകള്‍ വരെയുള്ള ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ ഭാഷാഭേദമന്യെ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാന്‍ തുടങ്ങിയതോടെ നെറ്റ്ഫ്ളിക്സിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയിരിക്കുകയാണ് സ്‌ക്വിഡ് ഗെയിം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here