തീയേറ്ററുകള്‍ കീഴടക്കിയ ശിവകാര്‍ത്തികേയന്റെ ‘ഡോക്ടര്‍’ ഒടിടി കീഴടക്കാനെത്തുന്നു

തീയേറ്ററുകളില്‍ നൂറുകോടി കരസ്ഥമാക്കിയ ജനപ്രിയ നടന്‍ ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ഇനി ഒടിടിയിലും എത്തുന്നു. സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഒടിടി പ്ലാറ്റ്‌ഫോം ആയ സണ്‍ നെക്സ്റ്റിലും ഒപ്പം നെറ്റ്ഫ്‌ളിക്‌സിലും ചിത്രം ഒരേസമയം റിലീസ് ചെയ്യപ്പെടുകയാണ്. ഇരു പ്ലാറ്റ്‌ഫോമുകളിലും ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

‘കോലമാവ് കോകില’ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ് ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. ‘വരുണ്‍ ഡോക്ടര്‍’ എന്ന പേരിലെത്തിയ തെലുങ്ക് പതിപ്പും വന്‍ ജനപ്രീതിയാണ് നേടിയത്.

തിയറ്ററുകളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് സണ്‍ ടിവിയില്‍ ആയിരുന്നു. വൈകിട്ട് 6.30നായിരുന്നു ടെലിവിഷന്‍ പ്രീമിയര്‍. ഇതിനു പിന്നാലെ ഒടിടി പ്രീമിയറിനും ഒരുങ്ങിയിരിക്കുകയാണ് ചിത്രം.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്‌സാണ്ടര്‍, റെഡിന്‍ കിങ്‌സ്‌ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്മണ്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ് ആണ്. കഴിഞ്ഞ മാസം അവസാനത്തോടെ തിയറ്ററുകള്‍ തുറന്ന കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് നേടിയത്. ടെലിവിഷന്‍, ഒടിടി പ്രീമിയറുകള്‍ നടക്കുമ്പോഴും ദീപാവലി റിലീസുകള്‍ക്കൊപ്പം ഡോക്ടര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ തുടരുന്നു എന്നതും കൗതുകം. ഡോക്ടര്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് വിജയ്‌യുടെ പുതിയ ചിത്രം ബീസ്റ്റിന്റെയും സംവിധായകന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News