സഹോദരന്‍ മുന്നോട്ടുവച്ച തെളിവുകള്‍ പരിഗണിക്കാതെ ഫസല്‍ വധക്കേസില്‍ സി ബി ഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി ബി ഐ നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ തന്നെ ഏറ്റുപാടുന്നതാണ് തുടരന്വേഷണ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ ഹര്‍ജിയില്‍ മുന്നോട്ട് വച്ച തെളിവുകള്‍ ഒന്നും തുടരന്വേഷണ സംഘം പരിഗണിച്ചില്ല.

ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണ ആവശ്യം ഉയര്‍ന്നത്. ഫസലിനെ വധിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുന്ന സുബീഷിനെ വീഡിയോ മുഖ്യതെളിവായിരുന്നു.

പക്ഷേ ആദ്യ സിബിഐ സംഘം ചെയ്തതു പോലെ തുടരന്വേഷണ സംഘവും ഇത് മുഖവിലയ്‌ക്കെടുത്തില്ല. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് പറയിച്ചതാണെന്ന ആര്‍എസ്എസ് വാദം തുടരന്വേഷണ റിപ്പോര്‍ട്ടിലും സിബിഐ ഏറ്റുപിടിക്കുന്നു. പോലീസ് തന്നെ മര്‍ദ്ദിച്ചില്ലെന്ന് സുബീഷ് തന്നെ മട്ടന്നൂര്‍ കോടതിയില്‍ വ്യക്തമാക്കിയെങ്കിലും സിബിഐ അത് അംഗീകരിക്കുന്നില്ല.

കൊലപാതക വിവരം മറ്റൊരു ആര്‍എസ്എസ് നേതാവിനോട് സുബീഷ് വിശദീകരിക്കുന്ന ഓഡിയോയും പുറത്തുവന്നു. ഇതും തുടരന്വേഷണ സംഘം മുഖവിലക്കെടുക്കുന്നില്ല. മൊഴികളിലെ വൈരുദ്ധ്യമായിരുന്നു മറ്റൊന്ന്. ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടന്ന സംഭവം നേരില്‍ കണ്ടുവെന്ന് അന്തേവാസികള്‍ മൊഴിനല്‍കിയെന്നായിരുന്നു സിബിഐയുടെ വാദം. എന്നാല്‍ സംഭവദിവസം തങ്ങള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ വ്യാജ മൊഴിയെക്കുറിച്ച് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നു.

ആയുധം കണ്ടെടുത്തു എന്ന് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും, ആയുധം കണ്ടെടുത്ത മഹ്‌സര്‍ തന്നെ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് എ എസ് ഐ രാധാകൃഷ്ണന്‍ പിന്നീട് വെളിപ്പെടുത്തി. പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കൊലപാതക സമയത്ത് പ്രതികള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായി.

പ്രതി ചേര്‍ക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കുന്ന ഈ നിര്‍ണായക രേഖകള്‍ പിന്നിട് അപ്രത്യക്ഷമായി. സിബിഐ പ്രതിചേര്‍ത്തവര്‍ നുണപരിശോധനയ്ക്ക് തയ്യാറായെങ്കിലും സിബിഐ തയ്യാറായില്ല. രണ്ട് പ്രതികളുടെ പോളിഗ്രാഫ് ടെസ്റ്റ് ഫലം സിബിഐയുടെ കണ്ടെത്തലിന് എതിരായിരുന്നു .

ഇത്തരം നിര്‍ണ്ണായക തെളിവുകള്‍ പരിഗണിക്കാതെ , ആദ്യ അന്വേഷണ സംഘം വരുത്തിയ വീഴ്ചകള്‍ പുനപരിശോധിക്കാനാണ് തുടരന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചതെങ്കിലും ആദ്യ സിബിഐ സംഘം പറഞ്ഞത് തന്നെ തുടരാന്വേഷണ സംഘവും ആവര്‍ത്തിച്ചിരിക്കുന്നു. ആര്‍ എസ് എസ് താല്‍പര്യം മാത്രമല്ല മുന്‍ സിബിഐ അന്വേഷണ സംഘത്തിലെ സഹപ്രവര്‍ത്തകരെ നടപടികളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ഉദ്ദേശവും തുടരന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News