ആര്യന്‍ ഖാന്‍ കേസ്: അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കി

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷണ ചുമതലയില്‍ നിന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ നീക്കി. ആര്യന്‍ ഖാന്റേത് ഉള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍.സി.ബി മുംബൈ സോണില്‍ നിന്നും സെന്‍ട്രല്‍ സോണിലേക്ക് മാറ്റി.

അഞ്ച് കേസുകളില്‍ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാന്‍ പ്രതിയായ കേസും ഉള്‍പ്പെടും. ആര്യന്‍ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതിയ അന്വേഷണ സംഘത്തില്‍ സമീര്‍ വാങ്കഡെ ഇല്ല. എന്‍.സി.ബി ഓഫിസര്‍ സഞ്ജയ് സിങ്ങിനാണ് അന്വേഷണ ചുമതല.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്യന്‍ ഖാന്റെ പിതാവ് ഷാരൂഖ് ഖാനില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു. 25 കോടി ചോദിച്ചെങ്കിലും 18 കോടിക്ക് തീര്‍പ്പാക്കാമെന്നു ധാരണയായി.

ഇതില്‍ എട്ടു കോടി രൂപ സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് ഒത്തുതീര്‍പ്പിന് മുന്‍കൈ എടുത്ത പ്രധാന സാക്ഷി കെ.പി. ഗോസാവി ഫോണില്‍ പറയുന്നതു കേട്ടെന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സയിലിന്റെ വെളിപ്പെടുത്തല്‍. പണം വാങ്ങിയെന്ന ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചിരുന്നു.

എന്നാല്‍, ആരോപണത്തില്‍ വാങ്കഡെക്കെതിരെ എന്‍.സി.ബി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെയുള്ളവരും സമീര്‍ വാങ്കഡെക്കെതിരെ നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങളെ തുടര്‍ന്നാണ് അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News