ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് പന്തുരുളും

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് പന്തുരുളും. ഇന്ത്യൻ സമയം വൈകിട്ട് ആറ് മുതൽ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. പോയിന്റ് ടേബിളിൽ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതും മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്.

പ്രീമിയർ ലീഗ് സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബിക്കാണ് ഓൾഡ് ട്രാഫോർഡ് വൈകീട്ട് സാക്ഷ്യം വഹിക്കുക.ഒലെ ഗുണ്ണർ സോൾക്ഷേർ പരിശീലകനായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുറുപ്പ് ചീട്ട് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പ്രായത്തെ വെല്ലുന്ന ഗോളടി മികവുമായി  കളം നിറയുന്ന റോണോ ടീമിന് പകർന്ന് നൽകുന്ന പ്രചോദനം ചെറുതല്ല.

പോഗ്ബയും റാഷ്ഫോർഡും  ബ്രൂണോ ഫെർണാണ്ടസും ഗോൾകീപ്പർ ഡിഗിയയും പുറത്തെടുക്കുന്നത് കിടയറ്റ പ്രകടനമാണ്. ഏറ്റവും ഒടുവിലായി നടന്ന മത്സരത്തിൽ ടോട്ടനത്തെ മൂന്ന് ഗോളുകൾക്ക് തകർത്തത് യുണൈറ്റഡിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്. എങ്കിലും പരുക്കേറ്റ വരാനെയുടെ അസാന്നിധ്യം ശരാശരി പ്രകടനം പുറത്തെടുക്കുന്ന പ്രതിരോധ നിരയെ ബാധിക്കും. സിറ്റിക്കെതിരെ സ്വന്തം കാണികൾക്ക് മുന്നിൽ അഭിമാനജയം മാത്രമാണ് റെഡ് ഡെവിൾസിന്റെ ലക്ഷ്യം. അതേസമയം പെപ്പ് ഗ്വാർഡിയോള പരിശീലകനായ മാഞ്ചസ്റ്റർസിറ്റിയും കരുതലോടെയാണ്.

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് കണക്ക് തീർക്കാൻ ഉറച്ചാണ് സിറ്റിസൺസിന്റെ പടയൊരുക്കം. ഡിബ്രൂയിനെ,ഗ്രീലിഷ്, ഫോദൻ , മഹ്റെസ്, റഹിം സ്റ്റെർലിംഗ്, ബെർനാഡോസിൽവ എന്നീ മികച്ച താരങ്ങളാണ് സിറ്റിയുടെ കരുത്ത്. ക്രിസ്റ്റൽ പാലസിനെതിരെ ചുവപ്പ് കാർഡ് കണ്ട അയ്മറിക് ലാപ്പോർട്ടെ ഡെർബിയിൽ കളിക്കില്ല.

സ്റ്റോൺസ് – വാക്കർ – ഡിയാസ് – കാൻസലോ സഖ്യമാകും പ്രതിരോധത്തിൽ കോട്ട കെട്ടുക. വിജയത്തിൽ കുറഞ്ഞൊന്നും ആരാധകരെ തൃപ്തിപ്പെടുത്തില്ലെന്നതിനാൽ ജീവന്മരണ പോരിനാണ് സിറ്റിയും ഒരുങ്ങുന്നത്.നാളിത് വരെ 185 തവണ മുഖാമുഖം വന്നതിൽ 77 എണ്ണം യുണൈറ്റഡ് ജയിച്ചപ്പോൾ 55 മത്സരങ്ങളിൽ സിറ്റി ജയം കണ്ടു. 51 എണ്ണം സമനിലയിൽ അവസാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel