ന്യൂസിലൻഡ് അഫ്ഗാനോട് പരാജയപ്പെട്ടില്ലെങ്കിൽ എന്താകും? തഗ് മറുപടിയുമായി ജഡേജ

ഇന്നലെ സ്കോട്ട്ലൻഡിനെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ട് വിജയം നേടിയതിന് ശേഷം പത്രസമ്മേളനത്തിനെത്തിയ ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജക്ക് സെമി യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൊന്ന് നേരിടേണ്ടി വന്നിരുന്നു. അതിന് ജഡ്ഡു നൽകിയ മറുപടിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായി വന്നിരിക്കുന്നത്.

ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ വർധിക്കുമെന്ന് ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ ന്യൂസിലൻഡ് അഫ്ഗാനോട് പരാജയപ്പെട്ടില്ലെങ്കിൽ എന്താകുമെന്നുമായിരുന്നു മാധ്യമപ്രവർത്തകരിൽ ഒരാൾ ജഡേജയോട് ചോദിച്ചത്. “അങ്ങനെ സംഭവിച്ചാൽ തങ്ങൾ ബാഗുകൾ പാക്ക് ചെയ്ത് വീട്ടിലേക്ക് പോകുമെന്നും, അല്ലാതെന്ത് ചെയ്യാനാണ് എന്നുമായിരുന്നു” ജഡേജയുടെ മറുപടി. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടറുടെ ഈ തകർപ്പൻ മറുപടി ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.

ടി20 ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ഉജ്ജ്വല വിജയങ്ങൾ നേടി സെമി പ്രതീക്ഷകൾ നിലനിർത്തിയിട്ടുണ്ട്. എങ്കിലും അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമിയിലേക്ക് മാർച്ച് ചെയ്യാനാകൂ. അഫ്ഗാൻ ന്യൂസിലൻഡിനെ കീഴടക്കുന്നതിനൊപ്പം, തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാന്റെ നെറ്റ് റൺ റേറ്റ് മറികടക്കാൻ പോന്ന വിജയം നേടുകയാണെങ്കിലാകും ഇക്കുറി ഇന്ത്യ സെമി കളിക്കുക.

അതേസമയം,സെമി പ്രതീക്ഷകൾ നിലനിർത്താൻ കൂറ്റൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യ ഇന്നലെ സ്കോട്ട്ലൻഡിനെ 8 വിക്കറ്റിനായിരുന്നു തകർത്തത്. മത്സരത്തിൽ സ്കോട്ട്ലൻഡ് ഉയർത്തിയ 85 റൺസ് വിജയ ലക്ഷ്യം വെറും 6.3 ഓവറുകളിൽ മറികടന്നതോടെ നെറ്റ് റൺ റേറ്റിന്റെ കാര്യത്തിൽ ഗ്രൂപ്പിൽ ഒന്നാമതെത്താനും ഇന്ത്യക്കായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News