സുധാകരന്റെ നടപടികള്‍ ഏകപക്ഷീയം; പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഹൈക്കമാന്‍ഡിന് മുന്നില്‍

കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമായി എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി പുനഃസംഘടന വേണ്ടെന്നും നേതാക്കള്‍. സുധാകരന്റെ നടപടികള്‍ ഏകപക്ഷീയമെന്നും സുധാകരന്റെ വാശി സംഘടനാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനെന്നും നേതാക്കളുടെ പരാതി.

സമ്പൂര്‍ണ കെപിസിസി യോഗത്തില്‍ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു എ-ഐ ഗ്രൂപ്പുകള്‍ ശക്തമായി ആവശ്യപ്പെട്ടത്. തര്‍ക്കം മുറുകിയപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നായിരുന്നു സുധാകരന്‍ നല്‍കിയ ഉറപ്പ്. പക്ഷെ നിര്‍വാഹകസമിതിയോഗത്തിനുശേഷം പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചു. ഇതാണ് എ-ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഹൈക്കമാന്‍ഡ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഷെഡ്യൂള്‍ നിശ്ചയിച്ച് മുന്നോട്ടുപോകുമ്പോള്‍ ഇത് അട്ടിമറിക്കുകയാണ് സുധാകരന്റെ ലക്ഷ്യമെന്നാണ് ഗ്രൂപ്പുകളുടെ പരാതി. സോണിയാ ഗാന്ധിയോട് കേരളത്തെ ഗ്രൂപ്പുനേതാക്കള്‍ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു. മുതിര്‍ന്നനേതാക്കളെ പോലും സുധാരകന്‍ വെല്ലുവിളിക്കുയാണെന്നും അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും നേതാക്കളുടെ ആവശ്യം.

അടുത്ത ദിവസങ്ങളില്‍ തന്നെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. പിന്നീട് ഇക്കാര്യത്തിലുള്ള തുടര്‍നീക്കങ്ങള്‍ തീരുമാനിക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഗ്രൂപ്പുകളുടെ സംയുക്ത നീക്കത്തിന് മുന്നില്‍ സുധാകരവിഭാഗം തകര്‍ന്നടിയും.

കെപിസിസി അധ്യക്ഷ പദവിയില്‍ കെ.സുധാകരന്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതലോടെയാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. അതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി മുതല്‍ ബൂത്തുതലം വരെ പുനസംഘടന നടത്തി സംഘടനയെ പിടിച്ചെടുക്കുകയാണ് സുധാകര വിഭാഗത്തിന്റെ ലക്ഷ്യം. ഇത് മുന്നില്‍ കണ്ടാണ് എ-ഐ ഗ്രൂപ്പുകള്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News