മെഡിക്കൽ കോളേജിൽ ഇ ഹെൽത്ത് പദ്ധതി അവസാനഘട്ടത്തിൽ

ഇ ഹെൽത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജിൽ നടന്നുവരുന്ന ഇ ഹെൽത്ത് പദ്ധതി നിർവഹണം അവസാന ഘട്ടത്തിലേയ്ക്ക്. ഡിസംബർ മാസത്തോടെ ഇ ഹെൽത്ത് പദ്ധതി പൂർണമായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ്  പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

ഡോക്ടർമാർ കുറിപ്പു നൽകാതെ തന്നെ ഒപിയിലിരുന്ന് ലാബ് പരിശോധനകളും എക്സ് റേയും ഓൺലൈനായി ലഭ്യമാക്കാനുള്ള സംവിധാനത്തിൻ്റെ പ്രാരംഭ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. അഡ്വാൻസ് ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് , റിവ്യൂ അപ്പോയിൻ്റ്മെൻ്റ് എന്നീ സൗകര്യങ്ങളോടെയാണ് പദ്ധതി ജനങ്ങളിലേയ്ക്കെത്തുന്നത്.

എസ് എ ടി ഉൾപ്പെടെ ഐപിയും പുതിയ സംവിധാനം വഴി ആരംഭിച്ചു. അഡ്മിഷൻ, വാർഡ് ട്രാൻസ്ഫർ, ബെഡ് അലോട്ട്മെൻ്റ്, ഡിസ്ചാർജ് എന്നിവ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി യിട്ടുണ്ട്. കോവിഡ് മാറി വരുന്നതനുസരിച്ച്  പേ വാർഡ് ബുക്കിംഗ് ഉൾപ്പെടെ രോഗികൾ ഏറെ പ്രയാസമനുഭവിച്ചിരുന്ന കാര്യങ്ങൾ ആശുപത്രിയിലെത്താതെ തന്നെ നടത്താൻ കഴിയും.

ഐ പി യിലെ ലാബ് സംവിധാനത്തിൻ്റെയും ടെലി മെഡിസിൻ്റെയും  ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ എല്ലാ ഐ പി യുടെയും അഡ്മിഷൻ മുതൽ ഡിസ്ചാർജ് വരെയുള്ള കാര്യങ്ങൾ ഇ ഹെൽത്ത് സോഫ്റ്റ്‌വെയർ മുഖേന നടപ്പാക്കാൻ കഴിയും. അത്യാഹിത വിഭാഗം പുതിയ എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തുന്ന മുറയ്ക്ക് ഓൺലൈൻ സംവിധാനം ലഭ്യമാകും വിധം കംപൂട്ടർ ശൃംഖല സജ്ജമായിയിട്ടുണ്ട്.

എസ് എ ടി യിലെ പീഡിയാട്രിക് സർജറി, ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് എന്നിവയിലെ കംപ്യൂട്ടർവത്കരണം നേരത്തേ തന്നെ പൂർണതയിലെത്തിക്കഴിഞ്ഞു.   ഒപി ടിക്കറ്റ് എടുക്കുന്നതിലെ സുതാര്യതയും ക്യൂ സമ്പ്രദായവും തിരക്കൊഴിവാക്കി സമാധാനത്തോടെ ഡോക്ടറെ കാണാനുള്ള ഡിസ്പ്ലേ സംവിധാനവുമെല്ലാം ജനങ്ങൾക്ക് സൗകര്യപ്രദമായി മാറിയതോടെ ദീർഘനാളായി ആശുപത്രിയിലെത്തുന്ന രോഗികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ഥാനുഭവമായി മാറി.

ഇ ഹെൽത്ത് പദ്ധതിയുടെ തുടക്കത്തിൽ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെപോലും സഹായമില്ലാതെ ഡോക്ടര്‍മാര്‍ക്ക് സ്വയം ശേഖരിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയിലാകെയുള്ള നിരവധി സോഫ്ട് വെയര്‍ കമ്പനികള്‍ പരമാവധി പരിശ്രമിച്ചിട്ടും കഴിയാത്ത കാര്യമാണ് ഇ ഹെല്‍ത്ത് പദ്ധതിയ്ക്കു കീഴില്‍ വിജയകരമായി നടന്നത്. ചെറിയ രോഗവുമായി വന്നിട്ടുള്ള രോഗിയുടെ പോലും വിവരങ്ങള്‍ ശേഖരിച്ചു.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പദ്ധതി കോവിഡ് വ്യാപനം മൂലം പ്രതിസന്ധി നേരിട്ടെങ്കിലും സർക്കാരിന്റെ നിരന്തര ഇടപെടലുകൾ കൊണ്ട് കോവിഡ് മൂലമുള്ള പരിമിതികൾ മറികടക്കാൻ സഹായിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എ നിസാറുദീൻ, ഇ ഹെൽത്തിൻ്റെ ചുമതലക്കാരനായ ഡോ കെ വി വിശ്വനാഥൻ എന്നിവർ കംപ്യൂട്ടർവത്കരണ പ്രവർത്തനങ്ങൾ നിരന്തരം അവലോകനം ചെയ്ത് കുറവുകൾ പരിഹരിക്കുന്നതിനു നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here