ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡണ്ട് ജോക്കോ വിഡോഡോ സർക്കാരിൻ്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ. സ്ഥാനപതി അബ്ദുള്ള അൽ ദാഹിരി, യു.എ.ഇ. യിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്തോനേഷ്യയിൽ നിന്നുള്ള ഭക്ഷ്യ – ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുകയും അത് രാജ്യത്തിൻ്റെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് പകരുകയും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തതിനാണ് ഇന്തോനേഷ്യൻ സർക്കാർ യൂസഫലിയെ പുരസ്കാരം നൽകി ആദരിച്ചത്.
ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇതിന് ഇന്തോനേഷ്യൻ പ്രസിഡണ്ടിനും സർക്കാരിനും നന്ദി പറയുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ ഈ അംഗീകാരം പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.