പ്രമേയത്തിലും അവതരണത്തിലും വിപ്ലവകരമായ ചുവടു വെപ്പാണ് ‘ജയ് ഭീം’

ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യ ചിത്രം ജയ് ഭീമിന് വന്‍ കയ്യടിയാണ് സിനിമാസ്വാദകരില്‍ നിന്നും ലഭിക്കുന്നത്. ജാതീയത പ്രമേയമാക്കി ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്.

ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ചന്ദ്രു എന്ന വക്കീല്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പ്രമുഖരടക്കം നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ജയ് ഭീം സിനിമയെ പ്രശംസിച്ചിരിക്കുകയാണ്. ചെങ്കൊടിയുടെ കരുത്തും തണലുമാണ് ദുരിത പർവ്വം മറികടക്കാനുളള കരുത്തെന്ന് കെ രാധാകൃഷ്ണൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

ജയ് ഭീമിലെ വൈറലായ ക്ലൈമാക്സ് രംഗവും മന്ത്രി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

സ്വാതന്ത്ര്യലബ്ധിയുടെ ഏഴരപ്പതിറ്റാണ്ടിന് ശേഷവും, നമ്മുടെ രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനതയുടെ ദുരിതജീവിതത്തിന്റെ നേർച്ചിത്രമാണ് ‘ജയ് ഭീം’ എന്ന അഭ്രകാവ്യം. സോഷ്യൽ ക്യാപിറ്റലില്ലാത്തവർ സമൂഹത്തിന്റെ എല്ലായിടങ്ങളിലും പീഡനങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വരുന്നത് തുടർക്കഥയാകുന്നു.

തമിഴ്‌നാട്ടിലെ ഇരുളർ എന്ന ആദിവാസിവിഭാഗത്തിൽപ്പെട്ട നിഷ്കളങ്കരായ മനുഷ്യരുടെ കഥപറയുന്ന ഈ ചിത്രത്തിൽ ഭരണകൂട ഉപകരണമായ പോലീസിന്റെ നരനായാട്ടും,ആ പാതകത്തിനു ശേഷവും ഒരു പ്രദേശത്തെയാകെ വേട്ടയാടലും ഇതിവൃത്തമാവുന്നു.

ചൂഷണവും വേട്ടയാടലുകളും വിവേചനവുമെല്ലാം അടുക്കിയടുക്കിയുണ്ടാക്കിയ ജാതി മതിലുകൾ സോഷ്യൽ ക്യാപ്പിറ്റലില്ലാത്ത പാർശ്വവത്കൃത സമൂഹത്തെ കൂടുതൽ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്.

ഈ ദുരിതപർവം മറികടക്കാൻ, ഉലയാതെ പിടിച്ചു നിൽക്കാൻ അവർക്ക് കരുത്തേകുന്നത് ചെങ്കൊടിയുടെ കരുത്തും തണലുമാണ്. ഒപ്പം നീതിക്കായി ഏതറ്റം വരെയും പോരാടാനിറങ്ങിത്തിരിച്ച ചന്ദ്രുവെന്ന അഭിഭാഷകന്റെ നിസ്വാർത്ഥമായ സഹായവും.

പ്രമേയത്തിലും അവതരണത്തിലും വിപ്ലവകരമായ ചുവടു വെപ്പാണ് ഈ സിനിമ. ഒപ്പം ദുരിതക്കയങ്ങൾ താണ്ടാൻ കരുത്തും പ്രചോദനവും….. 90കളിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രഭാഷ്യമായ ‘ജയ് ഭീമി’ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഉള്ളുനിറഞ്ഞ അഭിനന്ദനങ്ങൾ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News