ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത കേസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒളിവില്‍ തുടരുന്നു

നടൻ ജോജു ജോർജിൻറെ കാർ തകർത്ത കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ തുടരുകയാണ് പ്രതികളായ കോൺഗ്രസ്സ് പ്രവർത്തകർ. കേസിൽ ഒന്നാം പ്രതിയും മുൻമേയറുമായ ടോണി ചമ്മിണി ഉൾപ്പടെ മു‍ഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം, ക‍ഴിഞ്ഞ ദിവസം അറസ്റ്റിലായ ഐ എൻ ടി യു സി പ്രവർത്തകൻ ഷെരീഫിനെ കോടതി റിമാൻഡ് ചെയ്തു.

ജോജുവിൻറെ കാർ തകർത്ത കേസിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ പ്രതികളെല്ലാം മുങ്ങിയിരുന്നു. എന്നാൽ ശക്തമായ അന്വേഷണത്തിൻറെ ഭാഗമായി ഓരോരുത്തരെയായി പൊലീസ് അറസ്റ്റ് ചെയ്ത് വരികയാണ്.

താൻ ഒളിവിലല്ലെന്നാണ് കേസിലെ ഒന്നാം പ്രതിയും മുൻ മേയറുമായ ടോണി ചമ്മണി അവകാശപ്പെടുന്നതെങ്കിലും വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്ന് പൊലീസ് പറയുന്നു. ടോണി ചമ്മണിയെ അന്വേഷിച്ച് പലതവണ പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.അതേസമയം മറ്റ് പ്രതികളെല്ലാം പൊലീസിൻറെ കണ്ണുവെട്ടിച്ച് ഒളിവിൽ തുടരുകയാണ്.

എങ്കിലും ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനിടെ ക‍ഴിഞ്ഞ ദിവസം അറസ്റ്റിലായ ഐ എൻ ടിയു സി പ്രവർത്തകൻ ഷെരീഫിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നതോടെ ജോജുവുമായി ഒത്തുതീർപ്പിലെത്താൻ കോൺഗ്രസ്സ് നേതൃത്വം ശ്രമം നടത്തിയിരുന്നു.

എന്നാൽ കേസിൽ ആദ്യം അറസ്റ്റിലായ ജോസഫിൻറെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ജോജു കോടതിയെ സമീപിച്ചതോടെ കോൺഗ്രസ്സ് നേതൃത്വം വെട്ടിലായി.തനിയ്ക്കെതിരെ കോൺഗ്രസ്സ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പുപറയാതെ ഒരൊത്തുതീർപ്പിനുമില്ലെന്ന് ജോജു നിലപാടെടുത്തതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം.

രാഷ്ട്രീയ ഹുങ്കിൻ്റെ പിൻബലത്തിലാണ് നടൻ ജോജു ആക്രമിക്കപ്പെട്ടതെന്ന് പ്രതി ജോസഫിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ക‍ഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷണം നടത്തിയിരുന്നു. രാഷ്ട്രീയ ബലം ഉപയോഗിക്കേണ്ടത് പൊതുജന നൻമയ്ക്ക് വേണ്ടിയാണ്, അക്രമത്തിനു വേണ്ടിയല്ലെന്ന കോടതിയുത്തരവിലെ പരാമർശവും കോൺഗ്രസ്സിന് വലിയ തിരിച്ചടിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News