രവി ശാസ്ത്രി ഐപിഎൽ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്; നോട്ടമിട്ട് ടീം അഹമ്മദാബാദ്

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന രവിശാസ്ത്രി അടുത്ത ഐപിഎൽ സീസണിൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ പരിശീലകനായേക്കും.
രവി ശാസ്ത്രിയേയും അദ്ദേഹത്തിനൊപ്പം ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലുള്ള ഭരത് അരുൺ, ആർ ശ്രീധർ എന്നിവരേയും തങ്ങളുടെ കോച്ചിംഗ് സ്റ്റാഫിൽ ഉൾപ്പെടുത്താൻ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥരായ സിവിസി ക്യാപിറ്റൽസിന് താല്പര്യമുണ്ടെന്നും, ഈ താല്പര്യവുമായി ശാസ്ത്രിയേയും കൂട്ടരേയും അവർ സമീപിച്ചെന്നുമാണ് റിപ്പോർട്ട്.

എന്നാൽ നിലവിൽ ടി20 ലോകകപ്പിന്റെ തിരക്കിലായതിനാൽ തനിക്ക് തീരുമാനമെടുക്കാ‌‌ൻ അല്പസമയം ആവശ്യമാണെന്ന് ശാസ്ത്രി അവരെ അറിയിച്ചതായാണ് സൂചന.

നിലവിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ രവിശാസ്ത്രി ഈ സ്ഥാനമൊഴിഞ്ഞതിന് ശേഷം കമന്ററി രംഗത്തേക്ക് തിരിച്ചെത്താനോ, ഐപിഎൽ ടീമുകളുടെ പരിശീലകനാവാനോ ആകും താല്പര്യപ്പെടുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു‌. എന്നാൽ ഐപിഎൽ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാകും അദ്ദേഹം മുൻ ഗണന നൽകുകയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. അത് കൊ‌‌ണ്ടു തന്നെ അഹമ്മദാബാദ് ടീമിൽ നിന്നുള്ള ഓഫർ അദ്ദേഹം സ്വീകരിക്കാനുള്ള സാധ്യതകൾ ഉയർന്ന് നിൽക്കുന്നു‌.

അതേസമയം, ലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ സ്വന്തമാക്കാനുള്ള അനുവാദം ഐപിഎല്ലിലേക്ക് പുതുതായി എത്തിയിരിക്കുന്ന രണ്ട് ഫ്രാഞ്ചൈസികൾക്കും ബിസിസിഐ നൽകിയിട്ടുണ്ട്. എന്നാൽ കളിക്കാരെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ പ്രൊഫഷണലുകളായിട്ടുള്ളവർ ഒപ്പം വേണ്ടത് പ്രധാനമായതിനാൽ എത്രയും വേഗം തങ്ങളുടെ പരിശീലകരെ തീരുമാനിക്കാ‌ൻ സിവിസി ക്യാപിറ്റൽസ് താല്പര്യപ്പെടുന്നുണ്ടെന്നാണ് സൂചനകൾ.

ഫ്രാഞ്ചൈസിക്ക് ഉടൻ തന്നെ ഒരു സി ഇ ഓയേയും, അഡ്മിനിസ്ട്രേറ്റീവ് മാനേജറേയും അവർ നിയമിക്കുമെന്നും പരിശീലകരുടെ കാര്യത്തിൽ ഈ മാസം തന്നെ അവർ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News