‘താങ്കളെയും മലയാളികളെയും ഞാന്‍ ബഹുമാനിക്കുന്നു’; മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസയ്ക്ക് മറുപടിയുമായി കമല്‍ ഹാസന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച്‌ കമല്‍ഹാസന്‍. സിനിമയില്‍ പ്രധാനവേഷങ്ങള്‍ നല്‍കി തന്നെ വളര്‍ത്തിയത് കേരളമാണെന്നും കേരളമാണെന്റെ ആദ്യ അഭയ കേന്ദ്രമെന്നും, മുഖ്യമന്ത്രിയെയും മലയാളികളെയും താന്‍ ആദരിക്കുന്നുവെന്നും ട്വീറ്റില്‍ കമല്‍ ഹാസന്‍ പറയുന്നു.

‘സിനിമയില്‍ പ്രധാനവേഷങ്ങള്‍ തന്ന് എന്നെ വളര്‍ത്തിയ കേരളം എന്റെ ആദ്യ അഭയകേന്ദ്രമായിരുന്നു. അതുകൂടാതെ മലയാളികളെയും, അവരുടെ ധീരനും ദയാലുവുമായ നേതാവായിരിക്കുന്ന അങ്ങയെയും ഞാന്‍ ആദരിക്കുന്നു’, കമല്‍ ഹാസന്‍ കുറിച്ചു.

കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ടെന്നും. താങ്കള്‍ സിനിമാ സാംസ്‌കാരിക മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ വാക്കുകള്‍ക്ക് അപ്പുറമാണെന്നും മുഖ്യമന്ത്രി കമല്‍ ഹാസന് ആശംസകള്‍ അറിയിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്

ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമല്‍ഹാസന്‍ വേഷമിട്ടത്.
നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 1959 ആഗസ്ത് 12 നായിരുന്നു കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂര്‍ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും കമലഹാസനെ തേടിയെത്തി.

നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഡാന്‍സര്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കമല്‍ ഹാസന്റേത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും ബോളിവുഡിലും കമല്‍ഹാസന്‍ തന്റ് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

നാലു തവണയാണ് ദേശീയ പുരസ്‌കാരം കമലിനെ തേടിയത്. മൂന്‍ട്രാം പിറൈ, നായകന്‍, തേവര്‍ മകന്‍, ഇന്ത്യന്‍ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമല്‍ സ്വന്തമാക്കി. 1990ല്‍ പത്മശ്രീയും 2014ല്‍ പത്മഭൂഷണും നല്‍കി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here