രുചികരമായ ചില്ലി എഗ്ഗ് വളരെ എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

എല്ലാവരുടെയും വീട്ടില്‍ സുലഭമായ ഒന്നാണ് മുട്ട. മുട്ട കഴിക്കാനും എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഈ മുട്ട ഉപയോഗിച്ച് എന്ത് കൊണ്ട് നമുക്ക് ഒരു രുചികരമായ വിഭവം പരീക്ഷിച്ചു നോക്കിക്കൂടാ. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു വെറൈറ്റി മുട്ട വിഭവം ആണ് ചില്ലി എഗ്ഗ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരു പോലെ ഇഷ്ടമാകുന്ന ചില്ലി എഗ്ഗ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍.

മുട്ട:                                      4 എണ്ണം
സവാള:                              2 എണ്ണം
കാപ്‌സിക്കം:                    1 എണ്ണം
മൈദ:                                  4 ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്ളവര്‍:               4 ടേബിള്‍ സ്പൂണ്‍
ഇഞ്ചി:                                 1 കഷ്ണം ചതയ്ച്ചത്
വെളുത്തുള്ളി:                  6 അല്ലി ചതയ്ച്ചത്
വെജിറ്റബിള്‍ ഓയില്‍:    ആവശ്യത്തിന്.
കുരുമുളക് പൊടി:          4 tsp
മുളക് പൊടി:                    1tsp
ഉപ്പ്:                                    ആവശ്യത്തിന്
ടൊമാറ്റോ സോസ്:         2 ടേബിള്‍ സ്പൂണ്‍
സോയ സോസ്:                1 tsp

തയ്യാറാക്കേണ്ട വിധം.

ആദ്യം എടുത്ത് വെച്ചിരിക്കുന്ന മുട്ട പുഴുങ്ങി എടുക്കുക. പുഴുങ്ങി എടുത്ത ശേഷം ഓരോ മുട്ടയും നെടുകെ കീറി രണ്ട് ആക്കുക.

അടുത്തതായി ഈ മുട്ട വറുത്തെടുക്കുവാന്‍ വേണ്ട മസാല തയ്യാറാക്കുക. ഇതിനായി 2 tsp മുളക് പൊടി, ½ tsp മഞ്ഞള്‍ പൊടി, 1 ടേബിള്‍ സ്പൂണ്‍ മൈദ മാവ്,1 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്‌ളവര്‍, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കി, വേവിച്ചു വെച്ചിരിക്കുന്ന മുട്ടയില്‍ നല്ലത് പോലെ തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് മസാല തേച്ചു വെച്ചതിനു ശേഷം, ഒരു പാന്‍ എടുത്ത്, ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിന് ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന മുട്ട എണ്ണയിലേക്ക് ഇട്ട് വറുത്തു എടുക്കുക.

അടുത്തതായി ചില്ലിയ്ക്ക് ഉള്ള മസാല കൂട്ട് തയ്യാറാക്കാം. ഇതിനായി 3 ടേബിള്‍ സ്പൂണ്‍ മൈദ, 3 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്‌ളവര്‍, 2 tsp മുളക് പൊടി, 2 ടേബിള്‍ സ്പൂണ്‍ ടൊമാറ്റോ സോസ്, 1tsp സോയ സോസ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് ഒരു ലൂസ് മസാല കൂട്ട് തയ്യാറാക്കുക.

 

ശേഷം ഒരു പാന്‍ എടുത്ത് അടുപ്പില്‍ വെച്ച് 2 tsp എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് ചതയ്ച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇവയുടെ പച്ച മണം ഒന്ന് മാറി വരുമ്പോള്‍, അരിഞ്ഞു വെച്ചിരിക്കുന്ന സവാള കൂടി ഇതിലേക്കിട്ട് ഒന്ന് വാട്ടിയെടുക്കുക. സവാള ഒന്ന് വാടി വന്നതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്സിക്കം കൂടി ഇതിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ശേഷം ഇതിലേക്കു നേരത്തെ തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന മസാല കൂട്ട് കൂടി ചേര്‍ത്ത് അടച്ചു വെച്ച് 5 മിനുട്ട് വേവിക്കുക.

5 മിനിറ്റിന് ശേഷം വറുത്തു വെച്ചിരിക്കുന്ന മുട്ട കൂടി ഈ കൂട്ടിലേക്ക് ചേര്‍ത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം 1 tsp കുരുമുളക് പൊടി കൂടി വിതറി, 5 മിനുട്ട് കൂടി താഴ്ന്ന തീയില്‍ വേവിച്ചു എടുക്കുക. കൊതിയൂറും ചില്ലി എഗ്ഗ് തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here