ന്യൂസിലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു;വ്യവസ്ഥകള്‍ ബാധകം

ന്യൂസിലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു. എന്നാല്‍ നിരവധി വ്യവസ്ഥകള്‍ അടങ്ങിയതാണ് ഈ നിയമം. മാരകമായ രോഗം ബാധിച്ചവരെ മാത്രമേ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ചികിത്സിച്ചിട്ടും കാര്യമില്ലാത്ത സാഹചര്യത്തില്‍ മാത്രമായിരിക്കും ഇത് അനുവദിക്കുക.

ഇതോടൊപ്പം, രണ്ട് ഡോക്ടര്‍മാരുടെ സമ്മതവും ദയാവധത്തിന് ആവശ്യമാണ്. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂസിലന്‍ഡില്‍ നടത്തിയ ഹിതപരിശോധനയില്‍ 65 ശതമാനത്തിലധികം പേരും ദയാവധത്തെ അനുകൂലിച്ചു.

ന്യൂസിലന്‍ഡില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. എന്നാല്‍ നിയമത്തെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും നിരവധിയാണ്. തനിക്ക് ഇനി ആശങ്കകള്‍ ഇല്ലെന്നും, മരണം കൊതിക്കുന്നതില്‍ വേദനയില്ലെന്നും 61-കാരനായ സ്റ്റുവര്‍ട്ട് ആംസ്ട്രോങ് പറയുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സിക്കാന്‍ സാധിക്കാത്ത തരത്തില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇത്തരത്തില്‍ നിരവധി പേര്‍ നിയമത്തെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ ദയാവധം മൂല്യങ്ങള്‍ക്ക് എതിരാണെന്നും, മനുഷ്യജീവനോടുള്ള ആദരവ് ദുര്‍ബലപ്പെടുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. ഗുരുതര രോഗം ബാധിച്ചവരോടുള്ള പരിചരണം ഇതോടെ കുറയുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, അന്തസോടെ മരിക്കാനുള്ള അവകാശമാണ് ദയാവധം നല്‍കുന്നതെന്ന് നിയമത്തെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

പ്രതിവര്‍ഷം 950 അപേക്ഷകള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കാമെന്നും, അതില്‍ 350 പേര്‍ക്കെങ്കിലും സ്വന്തം മരണം തിരഞ്ഞെടുക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിദേശരാജ്യങ്ങളിലേത് അടക്കം കണക്കുകള്‍ പരിഗണിച്ചാണ് മന്ത്രാലയം ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്തിയത്.

നേരത്തെ കൊളംബിയ, കാനഡ, ഓസ്ട്രേലിയ, ലക്സംബര്‍ഗ്, സ്പെയിന്‍, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ദയാവധം നിയമവിധേയമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News